പട്‌ന: ജയിൽ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ വിഴുങ്ങി തടവുകാരൻ. ബിഹാറിലാണ് ജയിൽ അധികൃതരെ ഞെട്ടിച്ച സംഭവം നടന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എക്‌സറേ എടുത്തപ്പോഴാണ് വയറ്റില്‍ ബാഹ്യവസ്തു കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തടവുകാരനെ പട്‌ന മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഗോപാല്‍ഗഞ്ച് ജില്ലാ ജയിലിലാണ് സംഭവം. ജയില്‍ അധികൃതര്‍ പിടികൂടുമെന്ന് ഭയന്ന് തടവുകാരനായ കൈഷര്‍ അലിയാണ് മൊബൈല്‍ ഫോണ്‍ വിഴുങ്ങിയത്. കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൈഷര്‍ അലി തന്നെയാണ് നടന്ന കാര്യങ്ങള്‍ ജയില്‍ അധികൃതരോട് പറഞ്ഞത്. ഉടന്‍ തന്നെ അലിയെ ഗോപാല്‍ഗഞ്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ എക്‌സറേ പരിശോധനയില്‍ വയറ്റില്‍ ബാഹ്യ വസ്തു കണ്ടെത്തിയതായി ജയില്‍ സൂപ്രണ്ട് മനോജ് കുമാര്‍ പറഞ്ഞു.
വിദഗ്ധ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍ സലാം സിദ്ദിഖി പറഞ്ഞു. രോഗിയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പട്‌ന മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020ലാണ് അലി ജയിലിലായത്. ജയിലില്‍ തടവുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.