കോട്ടയം: കോട്ടയത്തിന്റെ വൈവിധ്യവും സമ്പന്നവുമായ സിനിമ ചരിത്രം പുതുതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് വിപുലമായ സെമിനാർ സംഘടിപ്പിക്കും. ഫെബ്രുവരി 25 ന് രാവിലെ 11 ന് പഴയ പൊലീസ് മൈതാനത്തെ സാംസ്കാരിക വേദിയിലാണ് സെമിനാർ നടക്കുക. കോട്ടയത്തിന്റെ സിനിമ പൈതൃകം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ സി.ആർ. ഓമനക്കുട്ടൻ, നിർമാതാവ് ജോയ് തോമസ്, സംവിധായകൻ ജോഷി മാത്യു, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറം, എഴുത്തുകാരായ ഉണ്ണി ആർ., ഡോ. പോൾ മണലിൽ, ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ, സിനിമ മാധ്യമ പ്രവർത്തകൻ എം.എം. ബാലചന്ദ്രൻ, ചലച്ചിത്ര ഗവേഷക ഡോ. ദിവ്യ എസ്. കേശവൻ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
മേളയ്ക്ക് മുന്നോടിയായി ഫെബ്രുവരി 23 ന് വൈകിട്ട് 4.30 ന് കളക്ട്രേറ്റിൽ നിന്ന് തിരുനക്കര പഴയപൊലീസ് മൈതാനത്തേക്കാണ് വിളംബര ജാഥ നടക്കും. ചലച്ചിത്ര കലാകാരന്മാർ, സാംസ്കാരിക- കലാ പ്രവർത്തകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ, വിവിധ സംഘടനകൾ എന്നിവർ പങ്കെടുക്കും.
ഫെബ്രുവരി 24 മുതൽ 28 വരെയാണ് ചലച്ചിത്രമേള. അനശ്വര, ആഷ തിയറ്ററുകളിലും സി.എം.എസ്. കോളജ് തീയറ്ററിലുമായി അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 39 സിനിമകൾ പ്രദർശിപ്പിക്കും. കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ കോട്ടയം ഫിലിം സൊസൈറ്റിയുടേയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെയും ചലച്ചിത്ര സംഘടനകളുടെയും സഹകരണത്തോടെയാണ് രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. ഓൺലൈൻ https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം.