ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി പുതുവര്‍ഷത്തെ വരവേറ്റ് ലോകം. നാടുംനഗരവും വ്യത്യാസമില്ലാതെ ജനങ്ങൾ സംഗീതനൃത്ത പരിപാടികളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെയാണ് 2025നെ വരവേറ്റത്. കേരളത്തില്‍ കോവളം, വര്‍ക്കല, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്.
ഫോര്‍ട്ട് കൊച്ചിയില്‍ നടന്ന ആഘോഷങ്ങളില്‍ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളും പങ്കെടുത്തു. കോഴിക്കോട് ബീച്ച്, മാളുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സംഗീത പരിപാടികളും ഒരുക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു. പുതുവത്സര ദിനമെന്നത് നമ്മളെ സംബന്ധിച്ച് കേവലം ഒരു തീയതിയല്ല. പുത്തന്‍ പ്രതീക്ഷകളെ പുതിയ നാളെകളെ വരവേല്‍ക്കാനുള്ള ആഘോഷത്തിന്റെ സുധിനമാണ്. ജാതിമതവര്‍ഗ ഭേദമെന്യേ എല്ലാവരും ഒത്തൊരുമിക്കുന്നുവെന്നതാണ് പുതുവര്‍ഷരാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിവസം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നിന്ന് നാളെയെ പ്രകാശപൂരിതമാക്കാനുള്ള ഊര്‍ജവും പ്രചോദനവും 2025 നമുക്ക് നല്‍കട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
ഓരോ രാജ്യങ്ങളിലും വ്യത്യസ്ത സമയങ്ങളിലാണ് പുതുവര്‍ഷം എത്തുന്നത്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം പുതുവര്‍ഷം പിറക്കുക. ക്രിസ്മസ് ദ്വീപ് എന്നും ഇതിന് പേരുണ്ട്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുമ്പേ ആയിരുന്നു ഇവിടെ ആഘോഷം. ക്രിസ്മസ് ദ്വീപിന് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ന്യൂസിലാന്‍ഡിന്റെ ഭാഗമായ ടോംഗ, ചാതം ദ്വീപുകളില്‍ വലിയ ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേല്‍ക്കുക. സംസ്‌കാരത്തിന്റെ ഭാഗമായ പരമ്പരാഗത ആചാരങ്ങളും കരിമരുന്ന് പ്രകടനങ്ങളോടും കൂടി ആഘോഷപൂർവമാണ് 2025നെ വരവേല്‍ക്കുന്നത്.
മറുവശത്ത്, ലോകത്തിന്റെ അങ്ങേയറ്റത്ത് യുഎസിനോട് ചേര്‍ന്ന് കിടക്കുന്ന ബേക്കര്‍ ദ്വീപിലും ഹൗലാന്‍ഡ് ദ്വീപിലുമാണ് പുതുവര്‍ഷം ഏറ്റവും അവസാനം എത്തുന്നത്. ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക. സിഡ്‌നി, ടോക്കിയോ, ലണ്ടന്‍, ന്യൂയോര്‍ക്ക് സിറ്റി തുടങ്ങിയ ലോകനഗരങ്ങൾ വമ്പിച്ച ആഘോഷങ്ങളോടെയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുക. സിഡ്‌നിയിലെ പ്രശസ്തമായ ഹാര്‍ബര്‍ കരിമരുന്ന് പ്രകടനം, ടോക്കിയോയിലെ ടെംപിള്‍ ബെല്‍ ചടങ്ങുകള്‍, ന്യൂയോര്‍ക്കില്‍ നിന്നുള്ള ടൈംസ് സ്‌ക്വയര്‍ ബോള്‍ ഡ്രോപ് തുടങ്ങിയവയെല്ലാം പുതുവത്സരത്തെ വരവേല്‍ക്കുന്നതിനുള്ള ശ്രദ്ധേയമായ ആഘോഷങ്ങളാണ്.
മാനവികതയുടെ നനാത്വത്തിലുള്ള ഏകത്വത്തെയാണ് ആഗോളതലത്തിലെ ഈ ആഘോഷങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. സന്തോഷവും സമൃദ്ധിയും നിറഞ്ഞൊരു പുതുവര്‍ഷത്തെ പ്രതീക്ഷിച്ച് ഓരോ രാജ്യവും അതിന്റേതായ പാരമ്പര്യ ആഘോഷങ്ങള്‍ നടത്തി വരുന്നു
ശ്രീഹരിക്കോട്ടയിൽനിന്നുള്ള 100-ാമത്തെ റോക്കറ്റ് വിക്ഷേപണത്തിൻ്റെ ആവേശത്തിലാണ് പുതുവർഷത്തിൽ ഇന്ത്യ. ഗതിനിയന്ത്രണ സംവിധാനങ്ങൾക്കുള്ള (നാവിഗേഷൻ) ഉപഗ്രഹമായ എൻ.വി.എസ്.-02നെയും വഹിച്ച് ജനുവരിയിൽ ഇന്ത്യയുടെ ജി.എസ്.എൽ.വി. കുതിച്ചുയരുമ്പോൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്റർ ഒരു നാഴികക്കല്ലുകൂടി പിന്നിടും. ഇവിടെ നിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണമായിരിക്കും അത്.
ശ്രീഹരിക്കോട്ടയിൽനിന്നുള്ള നൂറാമത്തെ റോക്കറ്റ് വിക്ഷേപണം പുതുവർഷത്തിൽ ആദ്യമാസംതന്നെ ഉണ്ടാവുമെന്ന് അറിയിച്ചത് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥാണ്.