വെറും ഊപ്പയല്ല ഈ ‘ആപ്പ’! ദാവൂദിന്റെ സഹോദരി; വിധവയായശേഷം നാഗ്പടയെ വിറപ്പിച്ച ‘തലതൊട്ടമ്മ’
അധോലോകകുറ്റവാളി ദാവൂദ് ഇബ്രാഹിമിനൊപ്പം തന്നെ കുപ്രസിദ്ധയായിരുന്നു ഇളയസഹോദരിയായ ഹസീന പാര്‍ക്കര്‍. പന്ത്രണ്ട് മക്കളില്‍ ഏഴാമതായാണ് അവര്‍ ജനിച്ചത്. 1991 വരെ വാര്‍ത്തകളില്‍ ഈ പേര് അധികം കേട്ടിരുന്നില്ല.
1991-ല്‍ ഭര്‍ത്താവ് ഇസ്മായില്‍ പാര്‍ക്കറിന്റെ മരണത്തോടെയാണ് അവര്‍ ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയതെന്ന് പറയപ്പെടുന്നു. മറ്റൊരു അധോലോകകുറ്റവാളി അരുണ്‍ ഗാവ്ലിയുടെ സംഘം നടത്തിയ വെടിവെപ്പിലാണ് ഇസ്മായില്‍ കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടത്തിയത് ഷാര്‍പ്പ് ഷൂട്ടറായ ഷൈലേഷും സംഘവുമാണ്. കൊലയ്ക്കുശേഷം അവര്‍ ബോംബെയിലെ ജെ.ജെ.ഹോസ്പിറ്റലില്‍ അഡ്മിറ്റായി.
ദിവസങ്ങള്‍ക്കുള്ളില്‍ ദാവൂദ് ഇബ്രാഹിം തന്റെ സഹോദരീഭര്‍ത്താവിന്റെ കൊലപാതകത്തിന് പകരംവീട്ടി. അതിനായി ദാവൂദ് 24 ഷാര്‍ട്ട് ഷൂട്ടര്‍മാരെയാണ് അയച്ചത്. ആശുപത്രിയിലെത്തിയ സംഘം, ജെ.ജെ.ഹോസ്പിറ്റലിലെ ഒരു വാര്‍ഡ് പൂര്‍ണമായും ഭീഷണിപ്പെടുത്തി ഒഴിപ്പിച്ചശേഷം ഷൈലേഷിനെ വെടിവെച്ചുകൊന്നു. വെടിവെപ്പില്‍ രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരും കൊല്ലപ്പെട്ടു.
പിന്നാലെ, ഹസീനയും ദാവൂദിനൊപ്പം ചേര്‍ന്നു. വൈകാതെ അവര്‍ നാഗ്പടയിലെ ഗോര്‍ഡന്‍ ഹാള്‍ അപ്പാര്‍ട്ട്മെന്റിലേക്ക് തന്റെ താമസം മാറ്റി. ആ കെട്ടിടം ഇഷ്ടപ്പെട്ട അവര്‍, ആരോടും ചോദിക്കാതെ അതിക്രമിച്ച് കയറി താമസിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാഗ്പട പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലായിരുന്നുവത്. അവരുടെ ക്രിമിനല്‍പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി താമസസ്ഥലം.
ഡി-കമ്പനിയുടെ മുംബൈയിലെ പ്രവര്‍ത്തനങ്ങളെല്ലാം ഹസീന നിയന്ത്രിക്കാന്‍ തുടങ്ങി. ആളുകളെ തട്ടിക്കൊണ്ടുപോവല്‍, പണംതട്ടല്‍, കൊലപാതകങ്ങള്‍, ഭൂമി തട്ടിയെടുക്കല്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും അവര്‍ നടപ്പാക്കാന്‍ തുടങ്ങി. മുംബൈയിലെ കുറേ സ്ഥലങ്ങള്‍ ഡി-കമ്പനിയുടെ കീഴിലായിരുന്നു. 90-കളില്‍ ഹസീനയുടെ അനുമതിയില്ലാതെ, അവിടെ കെട്ടിടങ്ങളൊന്നും നിര്‍മിക്കാന്‍ കഴിയില്ലായിരുന്നു. നിര്‍മാണത്തിനായി ചേരിനിവാസികളെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ചിരുന്നതും അവര്‍ തന്നെ. ബോളിവുഡ് സിനിമകളുടെ ഓവര്‍സീസ് റൈറ്റ്സ് മുതലുള്ളവയില്‍നിന്നാണ് പ്രധാനമായും അവര്‍ വരുമാനമുണ്ടാക്കിയത്. 5000 കോടിയുടെ കണക്കില്‍ പെടാത്ത സ്വത്ത് അവരുടെ പേരില്‍ ഉണ്ടായിരുന്നുവെന്നാണ് വിശ്വാസം.
നാഗ്പടയുടെ ‘തലതൊട്ടമ്മ’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്. ആപ്പ എന്ന് ആളുകള്‍ അവരെ വിളിച്ചു. ആ പേരുതന്നെ ആളുകളെ വിറപ്പിക്കുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുറ്റകൃത്യങ്ങളില്‍ സഹായിക്കാനായി തന്റെ മകന്‍ ഡാനിഷിനെ അവര്‍ രംഗത്തിറക്കി. എന്നാല്‍, അധികം വൈകാതെ ഒരപകടത്തില്‍ ഡാനിഷ് കൊല്ലപ്പെട്ടു. ഹസീനയുടെ താഴ്ച തുടങ്ങിയതും അവിടെ നിന്നുതന്നെയാണ്.
88 കേസുകളാണ് ഹസീനയുടെ പേരിലുണ്ടായിരുന്നത്. പക്ഷേ കോടതിയില്‍ ഹാജരായത് ആകെ ഒരു തവണ മാത്രം. പണംതട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അവര്‍ക്കെതിരെ കേസെടുത്തു. മാസങ്ങളോളം ഹസീന മുങ്ങിനടന്നു. ഒടുവില്‍ കോടതിക്ക് മുമ്പില്‍ കീഴടങ്ങുകയും ജാമ്യം ലഭിക്കുകയും ചെയ്തു. അതിനുശേഷം ഹസീനയെക്കുറിച്ച് അധികമാരും കേട്ടിരുന്നില്ല. ദാവൂദിന്റെ നിര്‍ദേശപ്രകാരമാണ് അവര്‍ അപ്രത്യക്ഷയായതെന്നും വാര്‍ത്തകളുണ്ട്. അതും കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്കുശേഷം 2014-ലാണ് ഹസീന ഹൃദയസ്തംഭനം മൂലം മരിക്കുന്നത്.
ഹസീന പാര്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ 2017-ല്‍ പുറത്തിറങ്ങി. ഹസീന പാര്‍ക്കര്‍ എന്ന് പേരുള്ള സിനിമയിലെ നായികയായത് ശ്രദ്ധ കപൂറാണ്. അപൂര്‍വ ലഖിയയാണ് സിനിമ സംവിധാനം ചെയ്തത്. എന്നാല്‍, ബോക്സോഫീസില്‍ വലിയ ചലനങ്ങളൊന്നുമുണ്ടാക്കാന്‍ ആ സിനിമയ്ക്ക് കഴിഞ്ഞില്ല.