ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഇഹ്സാന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷമീർ റോഷൻ ഒളിവിൽ പോയിരിക്കുകയാണ്.
ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാന കായംകുളം പൊലീസിനെ സമീപിച്ചത്. ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിലുണ്ട്. ഇഹ്സാന കായംകുളം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ഈ പരാതിയിലാണ് സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ അന്ന് മുതൽ ഷമീർ റോഷൻ ഒളിവിലാണ്.
മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് പരാതി. ഭർത്താവിന് പുറമേ ഭർതൃമാതാവും സഹോദരിയുമാണ് കൂട്ടു പ്രതികൾ. ഷമീർ റോഷനെതിരെ പാർട്ടിയിൽ നിന്ന് നടപടി ഉണ്ടാകാനാണ് സാധ്യത.