NEWSPravasi

യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഐ.ഐ.ടിയുടെ ക്യാംപസ് അബുദാബിയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

അബുദാബി: ലോകത്തിലെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യുടെ അബുദാബി ക്യാംപസ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐ.ഐ.ടിയുടെ ആദ്യ കാമ്പസാണ് അബൂദാബിയില്‍ ഒരുങ്ങുന്നത്.

എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികച്ച പാഠ്യപദ്ധതിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. ഇന്ത്യയില്‍ ആകെ 23 ഐ.ഐ.ടി ക്യാംപസുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഇനൊവേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈയും സോഫ്‌റ്റ്വെയര്‍ ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഉള്‍പ്പെടെയുള്ളവര്‍ ഐ.ഐ.ടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഐ.ഐ.ടി അബൂദാബിയില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അംബാസഡര്‍ പറഞ്ഞു.

Signature-ad

ഡല്‍ഹി ഐ.ഐ.ടിയുടെ നേതൃത്വത്തിലായിരിക്കും അബുദാബി ക്യാംപസ് രൂപപ്പെടുത്തുക. ഐ.ഐ.ടികളുടെ അക്കാദമിക് മികവ് വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക എന്നതാണ് ഐഐടി അബൂദാബി സ്ഥാപിക്കുന്നതിന് പിന്നിലെ ലക്ഷ്യമെന്ന് അംബാസഡര്‍ അറിയിച്ചു. അതിനാല്‍, ഐ.ഐ.ടി അബുദാബിയില്‍ ഇന്ത്യക്കാരും യു.എ.ഇ പൗരന്‍മാരും മറ്റ് രാജ്യക്കാരുമായ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ നട്ടെല്ലായ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കുള്ള ആദരവായി ഇത് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഐ.ഐ.ടി ഡല്‍ഹിയിലെയും അബൂദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് നോളജിലെയും (അഡെക്) വിദഗ്ധരടങ്ങിയ സംഘം നിരവധി തവണ കൂടിയാലോചനകള്‍ നടത്തിയതായും അതുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ഒരു കരാര്‍ അന്തിമഘട്ടത്തിലാണെന്നും അംബാസഡര്‍ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയില്‍ അബുദാബി കിരീടാവകാശിയായിരുന്ന നിലവിലെ പ്രസിഡന്‍്‌റ് ഷെയ്ഖ് മുഹമ്മദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത പ്രസ്താവനയിലാണ് യു.എ.ഇ തലസ്ഥാനത്ത് ഐ.ഐ.ടി ക്യാംപസ് സ്ഥാപിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്.

Back to top button
error: