- പിടികൂടിയത് മോഷണക്കുറ്റം ആരോപിച്ച്
ഹൈദരാബാദ്: തെലങ്കാനയിൽ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് മരിച്ചു. മുഹമ്മദ് ഖദീര്‍(35) എന്നയാളാണ് ചികിത്സയിലിരിക്കെ മരിച്ചത്. മരണത്തിന് മുന്‍പ് ഖദീര്‍ താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് വിവരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. തലകീഴായി തൂക്കിയിട്ട് പൊലീസുദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും ഖദീര്‍ പറഞ്ഞിരുന്നു.
ഫെബ്രുവരി 16ന് മേഡക് പൊലീസാണ് ഖദീറിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനില്‍ വെച്ച് ഖദീര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതായി ഭാര്യ സിദ്ധേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഖദീറിന്റെ ശരീരത്തില്‍ ഒന്നിലധികം ഒടിവുകള്‍ ഉണ്ടായിരുന്നുവെന്നും നട്ടെല്ലിന് പരിക്കും കണ്ടെത്തിയിരുന്നുവെന്നും സിദ്ധേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഖദീറിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിട്ടില്ല. ഇതിനാല്‍ പോസ്റ്റ്മാര്‍ട്ടം വൈകുകയാണ്. ഭാര്യ ഹിന്ദുവായതിനാല്‍ എഫ്.ഐ.ആറിനുള്ള അപേക്ഷയുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നാണ് പൊലീസിന്റെ വിശദീകരണം.
മാല മോഷ്ടിച്ചുവെന്നാരോപിച്ചാണ് മേഡക് പൊലീസ് ഖദീറിനെ അറസ്റ്റ് ചെയ്യുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയ വ്യക്തിയുമായി ഖദീറിന് രൂപസാദൃശ്യമുണ്ടായിരുന്നുവെന്നും അതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നുമാണ് പൊലീസിന്റെ വാദം. പിന്നീട് ഇയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് വിട്ടയച്ചിരുന്നു. എന്നാല്‍ പരിക്കേറ്റുവെന്നും നടക്കാനാവുന്നില്ലെന്നും ഖദീര്‍ ഭാര്യയോട് പറഞ്ഞതോടെയാണ് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതോടെ ഹൈദരാബാദിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ഖദീറിന്റെ മണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ വാദം. അദ്ദേഹം അസുഖം ബാധിച്ച് മരിച്ചതാകാമെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് ഖദീറിനെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.