CrimeIndiaNEWS

നിക്കി യാദവ് വധം: കൊല നടത്തിയത് പ്രതിയുടെ കുടുംബത്തിന്റെ അറിവോടെ; പിതാവ് ഉൾപ്പെടെ അഞ്ചു പേർ കൂടി പിടിയിൽ

ന്യൂഡല്‍ഹി: യുവതിയെ കൊന്ന് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചെന്ന കേസില്‍ കാമുകന്റെ അച്ഛനെ അടക്കം അഞ്ചുപേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കാമുകിയായ നിക്കി യാദവിനെ പ്രതി സഹില്‍ ഗെലോട്ട് കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയും സഹായത്തോടെയുമാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹിലിന്റെ അച്ഛന്‍ വിരേന്ദര്‍ സിങ്ങിന് പുറമേ രണ്ടു ബന്ധുക്കളെയും രണ്ട് സുഹൃത്തുക്കളെയുമാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

ഫെബ്രുവരി 14നാണ് നിക്കിയുടെ മൃതദേഹം റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തിയത്. സഹിലിന്റെ ലിവിങ് ടു​ഗെതർ പങ്കാളിയായിരുന്നു നിക്കി. നിക്കിയെ കൊലപ്പെടുത്തിയ ദിവസം തന്നെ സഹിൽ വേറെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്. അതിലൊരാൾ സഹിൽ ​ഗെലോട്ടിന്റെ പിതാവാണ്. പൊലീസ് കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു.

Signature-ad

അതിനിടെ കേസിൽ മറ്റൊരു പ്രധാന വിവരം കൂടി പുറത്തുവന്നു. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായതായി പൊലീസ് അറിയിച്ചു. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അം​ഗീകരിച്ചില്ല. അവർ സഹിലിനെ വേറൊരു വിവാഹത്തിന് നിർബന്ധിക്കുകയും ചെയ്തു. പങ്കാളിയുടെ വിവാഹം വേറൊരു പെൺകുട്ടിയുമായി നിശ്ചയിച്ചത് നിക്കി അറിഞ്ഞിരുന്നില്ല. വിവാഹത്തിന് ഒരു ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞത്.

നിക്കിയെ സഹിൽ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോ‌ടെ പ്രശ്നങ്ങളുണ്ടായി. തുടർന്നായിരുന്നു കൊലപാതകം. കൃത്യം നടന്ന ദിവസം നിക്കി യാദവ് വാടകവീട്ടിൽ പ്രവേശിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. ഫെബ്രുവരി 9ലെ ഈ വീഡിയോയിൽ നിക്കി തനിച്ചാണ് ഉള്ളത്. അതിന് മണിക്കൂറുകൾക്കു ശേഷമാണ് നിക്കി കൊല്ലപ്പെട്ടത്.

Back to top button
error: