NEWSPravasi

ഷാര്‍ജ ബുതീനയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

ഷാർജ: ഷാർജ ബുതീനയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്‍ദുൽ ഹക്കീം (30) ആണ് പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഹൈസിന മെഡിക്കൽ ഫിറ്റ്‍നസ് സെന്ററിൽ മൃതദേഹം എംബാം ചെയ്‍തു. മയ്യിത്ത് നമസ്‍കാരത്തിന് ശേഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 11.45നുള്ള എയർ ഇന്ത്യ എഐ 998 വിമാനത്തിൽ കോഴിക്കോടേക്കാണ് മൃതദേഹം കൊണ്ടുപോയത്.

ഹംസ പടലത്ത് – സക്കീദ ദമ്പതികളുടെ മകനായ അബ്ദുൽ ഹക്കീം ഷാർജ ബുതീനയിലെ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി ചെയ്‍തിരുന്നത്. തൊട്ടടുത്തുള്ള കഫെറ്റീരിയയിൽ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളിൽ പതിവായി ചായ കുടിക്കാൻ പോയിരുന്ന കഫെറ്റീരിയയിൽ വെച്ച് ഹക്കീമിന്റെ സഹപ്രവർത്തകനായ മലയാളിയും, ഇവിടെയെത്തിയ ഒരു പാകിസ്ഥാൻ പൗരനും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇത് അറിഞ്ഞ് പ്രശ്‍നം പരിഹരിക്കാനായാണ് ഹക്കീം അവിടെയെത്തിയത്. എന്നാൽ പ്രകോപിതനായ പാകിസ്ഥാൻ പൗരൻ കഫെറ്റീരിയയിലെ കത്തിയെടുത്ത് ഹക്കീമിനെ കുത്തുകയായിരുന്നു.

Signature-ad

ആഴത്തിൽ മുറിവേറ്റ ഹക്കീമിനെ ഉടൻ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഫെറ്റീരിയയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ തടയാൻ ശ്രമിച്ച ഒരു മലയാളിക്കും ഒരു ഈജിപ്ഷ്യൻ പൗരനും പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട ഹക്കീം അവധിക്ക് നാട്ടിൽ പോയി മൂന്ന് മാസം മുമ്പാണ് മടങ്ങിയെത്തിയത്. ഷാർജയിൽ ഒപ്പമുണ്ടായിരുന്ന കുടുംബം ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു.

Back to top button
error: