ന്യൂഡൽഹി: സത്യം സ്വർണപ്പാത്രം കൊണ്ട് മൂടിവെച്ചാലും പുറത്തുവരും എന്നതിന്റെ തെളിവാണ് ലൈഫ് മിഷൻ ഭവന പദ്ധതി കോഴക്കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അറസ്റ്റെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പുകൾ നടന്നതെന്ന് അന്നു തൊട്ടേ തങ്ങൾ പറഞ്ഞത് സത്യമായില്ലേയെന്നും ചെന്നിത്തല പറഞ്ഞു. അന്വേഷണം നീതിയുക്തമായാൽ കേസിൽ വമ്പൻ സ്രാവുകൾ കുടുങ്ങുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശിവശങ്കറിനെ അറസ്റ്റ് ചെയ്തത് സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കോൺഗ്രസ് എം.എൽ.എയും കേസിലെ പരാതിക്കാരനുമായ അനിൽ അക്കരെയും പറഞ്ഞു. വ്യക്തിപരമായും ഈ കേസിലുണ്ടായ നടപടി തനിക്ക് ആശ്വാസകരമാണെന്നും അനിൽ അക്കരെ പ്രതികരിച്ചു. ‘കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ ഇത് വ്യാജ ആരോപണമാണെന്ന് പറഞ്ഞ്, വീടുമുടക്കി എന്ന പേര് പറഞ്ഞുകൊണ്ടാണ് സി.പി.ഐ.എം എന്നേയും എന്റെ പാർട്ടിയേയും നേരിട്ടത്. അത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. അതിനൊക്കെ ശേഷം കേസിലെ ഒരു പ്രതിയെ അറസ്റ്റ് ചെയ്തത് സന്തോഷമുള്ള കാര്യമാണ്,’ അനിൽ അക്കരെ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി 11.45നാണ് എം. ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത്. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.