IndiaNEWS

‘പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വഞ്ചിച്ചു. ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടും’; പ്രഖ്യാപനവുമായി തിപ്ര മോത തലവന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍

അഗര്‍ത്തല: ത്രിപുരയില്‍ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ സജീവ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവുമായി തിപ്ര മോത അധ്യക്ഷന്‍ പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒരു പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ‘പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വഞ്ചിച്ചു. ഇനി രാജാവിനെപ്പോലെ വോട്ട് ചോദിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയം വിടും. എന്നാല്‍ എന്നും ജനങ്ങളോടൊപ്പം ഉണ്ടാകും. ആരോഗ്യം, വിദ്യാഭ്യാസം, പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്ക്കായി ഇനിയും പ്രവര്‍ത്തിക്കും,’- പ്രദ്യോത് മാണിക്യ ദേബ് പറഞ്ഞു.

ത്രിപുര ഉപമുഖ്യമന്ത്രിയും ജിഷ്ണു ദേബ് ബര്‍മന്‍ മത്സരിക്കുന്ന ചരിലം നിയമസഭാ മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു പ്രദ്യോതിന്റെ പ്രഖ്യാപനം. രാജകുടുംബത്തിന്റെ അംഗമാണെങ്കിലും അതിന് വേണ്ടിയല്ല തന്റെ പോരാട്ടമെന്നും, അവകാശം നിഷേധിച്ച ഒരു ജനതക്ക് വേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. 2021ല്‍ ത്രിപുര ആദിവാസി സ്വയംഭരണ കൗണ്‍സില്‍ ഭരണം പിടിച്ചെടുത്ത തിപ്ര മോതയുമായി സഖ്യത്തിലെത്താന്‍ ബി.ജെ.പി ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു. പ്രദ്യോത് മാണിക്യ ദേബ് ബര്‍മയെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച നടത്തുക വരെ ചെയ്തിരുന്നു.

Signature-ad

വ്യാഴാഴ്ചയാണ് ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. 60 അംഗ നിയമസഭയില്‍ 42 സീറ്റിലാണ് തിപ്ര മോത സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. നിലവില്‍ അധികാരത്തിലുള്ള ബി.ജെ.പി 55 സീറ്റിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷി ഐ.പി.എഫ്.ടിക്ക് അഞ്ച് സീറ്റ് നല്‍കിയിട്ടുണ്ട്. 43 സീറ്റിലാണ് സി.പി.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.

Back to top button
error: