മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചു. ഇലക്ട്രികല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ നവിമുംബൈ സ്വദേശി സ്റ്റീഫന്‍ സണ്ണി(25)യെയാണ് തിങ്കളാഴ്ച വൈകിട്ട് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതിനുപിന്നാലെ മറ്റൊരു വിദ്യാര്‍ഥിയും കാംസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. കര്‍ണാടക സ്വദേശിയായ വിദ്യാര്‍ഥിയാണ് ആത്മഹത്യാശ്രമം നടത്തിയത്. രക്ഷപ്പെട്ട വിദ്യാര്‍ഥി ഇപ്പോള്‍ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുസംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ഐ.ഐ.ടി അഡ്മിനിസ്ട്രേഷനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുരാത്രി മുഴുവനും നീണ്ട പ്രതിഷേധത്തെ തുടര്‍ന്ന് ഐ.ഐ.ടി യില്‍ ചൊവ്വാഴ്ച പഠനം നിര്‍ത്തിവച്ചു. അക്കാഡമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു.
തുടര്‍ന്ന് ഇന്‍സ്റ്റിറ്റിയൂട് ഡയറക്ടര്‍ കാമകോടി വീഴിനാഥന്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുകയും നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതോടെയാണ് ചൊവ്വാഴ്ച ‘പ്രബോധന രഹിത ദിനം’ ആയി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
കാംപസിലെ മഹാനദി ഹോസ്റ്റലിലാണ് സ്റ്റീഫന്‍ സണ്ണിയെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം വിഷാദത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമികവിവരം. ‘പ്രോസിക്യൂട് ചെയ്യരുത്’ എന്നുമാത്രമുള്ള ഒരു കുറിപ്പ് സ്റ്റീഫന്റെ ലാപ്ടോപില്‍നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്. സംഭവത്തില്‍ കോട്ടൂര്‍പുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.