ഏറ്റുമാനൂർ: ബന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. അതിരമ്പുഴ കാരിത്തടത്തിൽ വീട്ടിൽ ജസ്റ്റിൻ ജേക്കബ് (50) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം ഇയാളുടെ പിതാവിന്റെ സഹോദരപുത്രനെയാണ് അതിരമ്പുഴ മലയിൽ തടം ഭാഗത്ത് വച്ച് അരിവാൾ കൊണ്ട് ആക്രമിച്ചത്. ജസ്റ്റിൻ ജേക്കബിന്റെ വളർത്തുനായയെ വിഷം കൊടുത്തു കൊന്നത് ഇയാളാണെന്ന് തെറ്റിദ്ധരിച്ച് ഉണ്ടായ വിരോധം മൂലമാണ് ഇയാൾ ആക്രമിച്ചത്.
ആക്രമണത്തിൽ ബന്ധുവിന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓ മാരായ സൈയ്ഫുദ്ദീൻ, ഡെന്നി പി.ജോയ്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.