കോട്ടയം: എക്കാലത്തെയും കോൺഗ്രസിന്റെ ഉരുക്ക് കോട്ടയായിട്ടാണ് കോട്ടയം അറിയപ്പെടുന്നത്. ഈ കോട്ടയ്ക്ക് ഒരു കാലത്തും വിള്ളൽ വീഴാതെയാണ് കോൺഗ്രസ് നേതാക്കളും അണികളും പ്രവർത്തിച്ചിരുന്നത്. എന്നാൽ കോട്ടയത്തെ സംഘടനാ നേതൃത്വത്തിലുണ്ടായ മാറ്റത്തിൽ പ്രവർത്തകർ അന്നുമുതലേ അതൃപ്തരാണ്. കോൺഗ്രസ് പാർട്ടിയുടെ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ഡി.സി.സി അധ്യക്ഷനായ നാട്ടകം സുരേഷ് സ്വീകരിക്കുന്ന നിലപാട് എ-ഐ ഗ്രൂപ്പുകളെ അപ്രസക്തമാക്കിയതിൽ ഇരു ഗ്രൂപ്പ്കൾക്കും കടുത്ത അമർഷമുണ്ട്. പ്രതിപക്ഷ നേതാവുമായുള്ള അഭിപ്രായ ഭിന്നതയും രൂക്ഷമായ പാർട്ടിയിലെ ഗ്രൂപ്പ് പ്രവർത്തനങ്ങളും വഴി നാട്ടകം സുരേഷ് ഇപ്പോൾ തന്നെ പലർക്കും അനഭിമതനാണ്.
ഇത് മാത്രമല്ല സ്വന്തം പാർട്ടിയുടെ യുവജന സംഘടനയുടെ പരിപാടി വരെ പരാജയപ്പെടുത്താൻ നേരിട്ട് ഇടപെട്ടു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. കഴിഞ്ഞ ദിവസം നടന്ന യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുക്കേണ്ട എന്ന് തന്റെ അനുയായികളെ അറിയിച്ച് പ്രതിഷേധത്തെ ദുർബലപ്പെടുത്തിയതിൽ ജില്ലാ ഘടകം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്കും കെപിസിസി നേതൃത്വത്തിനും പരാതി അയച്ചിട്ടുണ്ട്. സ്ഥാനമേറ്റനാൾ മുതൽ സംഘടന പ്രവർത്തനങ്ങളെക്കാൾ വിവാദത്തിനോടാണ് നാട്ടകം സുരേഷിന് കൂടുതൽ താൽപര്യമെന്നും ആരോപണമുണ്ട്. ഉമ്മൻചാണ്ടിയുടെയും തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും തട്ടകത്തിലെ ഈ കല്ലുകടി കോൺഗ്രസ് പാർട്ടിക്ക് തലവേദനയാവുകയാണ്. ഇതിനു പുറമേയാണ് ഇപ്പോൾ വിവാദമായിരിക്കുന്ന ഉല്ലാസയാത്ര.
എൽഡിഎഫ് സർക്കാരിന്റെ ബജറ്റിലെ ജനവിരുദ്ധ നികുതി വർദ്ധനവിനെതിരെ സംസ്ഥാനമാകെ പ്രതിഷേധം രൂക്ഷമാകുമ്പോഴാണ് കോട്ടയത്തെ സമരങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ജില്ലയുടെ കോൺഗ്രസ് അധ്യക്ഷൻ ഗൾഫിൽ ഉല്ലാസ യാത്രയ്ക്ക് പോയിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗം നെബു ജോൺ, കോട്ടയം നഗരസഭയിലെ സിപിഐയുടെ കൗൺസിലർ എബി കുന്നേപറമ്പൻ എന്നിവർക്കൊപ്പമാണ് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് വിദേശത്തേക്ക് പോയത്. ഇപ്പോൾ കുവൈറ്റിലുള്ള സംഘം ഈയാഴ്ച അവസാനത്തോടെ ദുബായിലെത്തും.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിലെല്ലാം മുൻകരുതൽ എന്ന പേരിൽ വ്യാപകമായി കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ ആളെയും കട ഉടമയെയും പൊലീസ് പേടിപ്പിച്ചു. ബസ് കാത്ത് പോലും ആരും നിൽക്കാൻ പാടില്ല. മുഖ്യമന്ത്രി രണ്ട് മണിക്കൂറിന് ശേഷം അതുവഴി പോകുന്നുണ്ടെന്ന് പറഞ്ഞാണ് പെരുമ്പാവൂരിൽ യൂത്ത് കേൺഗ്രസ് യോഗത്തിൽ പങ്കെടുത്തവരെയെല്ലാം കരുതൽ തടങ്കലിലാക്കിയത്. എറണാകുളത്ത് ഒരു പെൺകുട്ടിയെയാണ് കോളറിൽ തൂക്കി തലയ്ക്കടിച്ച് ഒരു സി.ഐ ജീപ്പിൽ കയറ്റിയത്. കഴിഞ്ഞ ദിവസം കോട്ടയത്ത് വാഴൂർ സി.പി.എം. ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയിരുന്നു.
കട്ടപ്പനയിൽനിന്ന് കാഞ്ഞിരപ്പള്ളി വഴിയാണ് മുഖ്യമന്ത്രി പൊൻകുന്നത്ത് എത്തിയത്. പിതൃസഹോദന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ പോയ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല ജനറൽ സെക്രട്ടറി നായിഫ് ഫൈസി ഉൾപ്പടെ മൂന്നുപേരെ പൊൻകുന്നത് തടങ്കലാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാൻ സാധ്യതയുണ്ടെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ പേരിലായിരുന്ന നടപടി. എന്നാൽ അന്ന് വൈകിട്ട് കോട്ടയം തിരുനക്കര മൈതാനിയിൽ സിപിഎം ജനസദസ് ഉദ്ഘാടനം ചെയ്യാൻ പിണറായി വിജയൻ എത്തിയിരുന്നു. ഇതിന്റെ പേരിൽ സർക്കസ് കണ്ടാ മടങ്ങാൻ ഒരുങ്ങിയ ജനങ്ങളെയും പോലീസ് തടഞ്ഞ് വച്ചതായി പരാതികൾ ഉയർന്നു. മുഖ്യമന്ത്രിക്ക് റോഡിൽ ഇറങ്ങാൻ ജനങ്ങളെ ബന്ദിയാക്കുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇത്രയും കലുഷിതമായ സാഹചര്യം ജില്ലയിൽ തന്നെ നിലനിൽക്കുമ്പോഴാണ് ഡിസിസി പ്രസിഡന്റ് ഉല്ലാസയാത്ര എന്നതാണ് വിവാദത്തിന്റെ വ്യാപ്തി കൂട്ടുന്നത്.
മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ചികിത്സ തേടി ബാംഗ്ലൂരിൽ പോയ സമയത്ത് അദ്ദേഹത്തിന്റെ ജില്ലയിലെ എൽഡിഎഫ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട ഡിസിസി പ്രസിഡന്റ് ഉല്ലാസയാത്രയ്ക്ക് പോയതിൽ കോൺഗ്രസ് പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും കൂടുതൽ ചൊടുപ്പിച്ചത് ഇടത് മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സി.പി.ഐയുടെ നഗരസഭാ കൗൺസിലറെയും ഒപ്പം കൂട്ടിയതാണ്. എൽഡിഎഫ് നേതാക്കളുമായി കോൺഗ്രസ് പാർട്ടിയിലെ ചിലർ നടത്തുന്ന സൗഹൃദം പാർട്ടിവിരുദ്ധ പ്രവർത്തനമാണെന്നും അതിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും സർക്കുലർ അയച്ച ഡിസിസി പ്രസിഡന്റ് തന്നെ ഇടതുപക്ഷ കൗൺസിലറെ കൂടെ കൂട്ടി വിദേശയാത്രയ്ക്ക് പോയത് പാർട്ടി അണികളിൽ കടുത്ത ആത്മരോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഏറ്റുമാനൂരിൽ മന്ത്രി വാസവൻ പങ്കെടുത്ത ഔദ്യോഗിക ചടങ്ങിൽ പോയതിന്റെ പേരിൽ ജനപ്രതിനിധിക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങിയ ഡിസിസി പ്രസിഡന്റ് പറയുന്നതും പ്രവർത്തിക്കുന്നതും പരസ്പര വിരുദ്ധമാണെന്ന് കോൺഗ്രസുകാർ ആരോപിക്കുന്നു. ഭരണപക്ഷ എംഎൽഎമാരെയോ മന്ത്രിമാരെയോ കാണുന്നതിന് മണ്ഡലം ബ്ലോക്ക്, ഡിസിസി കെപിസിസി, ഭാരവാഹികളോടൊപ്പം മാത്രമേ പറ്റുകയുള്ളൂ എന്ന് സർക്കുലറിൽ കോൺഗ്രസ് ജനപ്രതിനിധികളോട് ആവശ്യപ്പെട്ട ഡിസിസി പ്രസിഡന്റിന് ഇതൊന്നും ബാധകമല്ലേ എന്നും അവർ ആരോപിക്കുന്നു. അടുത്തകാലത്ത് ജില്ലയിൽ വളരെ സജീവമായ ബ്ലേഡ് മാഫിയ ഗുണ്ടാ സംഘങ്ങളോട് മൃദു സമീപനം ഡിസിസി പ്രസിഡന്റ് സ്വീകരിക്കുന്നതിന്റെ പ്രധാന കാരണം അവരുമായുള്ള ബിനാമി ബന്ധമാണെന്ന് പല മണ്ഡലം പ്രസിഡന്റുമാരും കെപിസിസിക്ക് നൽകിയ പരാതിയിൽ ആക്ഷേപം ഉന്നയിച്ചു കഴിഞ്ഞു.
പാർട്ടി താൽപ്പര്യങ്ങൾക്കപ്പുറത്ത് കോട്ടയം ജില്ലയിൽ ഡിസിസി പ്രസിഡന്റ് മുഖവിലയ്ക്കെടുക്കുന്നത് റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയ കൂട്ട്കെട്ടിന്റെ താല്പര്യങ്ങൾക്കാണെന്നും പരക്കെ സംസാരമുണ്ട്. കെ.റെയിൽ സമരവുമായി ബന്ധപ്പെട്ട് കോട്ടയത്ത് യു.ഡി.എഫ്. സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ബഹിഷ്കരിച്ചതും വിവാദമായിരുന്നു. യുഡിഎഫിന്റെ ജില്ലാ ഏകോപന സമിതിയിൽ ചെയർമാനും കൺവീനറും ഡിസിസി പ്രസിഡന്റിന്റെ നിലപാടിൽ പരസ്യമായി വിമർശനം ഉയർത്തിക്കഴിഞ്ഞു. പാർട്ടി പ്രവർത്തകർക്ക് പെരുമാറ്റ ചട്ടം ഏർപ്പെടുത്തുകയും. സ്വന്തം കാര്യത്തിൽ അത് ബാധകമല്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന നാട്ടകം സുരേഷിന്റെ നിലപാട് കോൺഗ്രസ് പാർട്ടിക്ക് തലവേദനയാകും. ജില്ലയിലെ യുഡിഎഫിന്റെ സംഘടനാ സംവിധാനത്തെ ചലിപ്പിക്കേണ്ട ഏറ്റവും ഉന്നതനായ നേതാവ് അനവസരത്തിൽ നടത്തിയ വിദേശയാത്രയ്ക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.
കോൺഗ്രസ് പാർട്ടിയെ കാലങ്ങളോളം നയിച്ചകൊണ്ടിരിക്കുന്ന ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ് തുടങ്ങിയ നേതാക്കളുടെ തട്ടകത്തിലാണ് ഇത്തരമൊരു സാഹചര്യമെന്നതാണ് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി ചികിത്സ തേടി ബാംഗ്ലൂരിൽ പോയിരിക്കുകയാണ്. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷനാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാഷ്ട്രീയ കാര്യസമ്മിതിയംഗമാണ് കെ.സി. ജോസഫ്. ഇവരുടെ ജില്ലയിലാണ് ഇത്തരമൊരും സാഹചര്യമുണ്ടായിരിക്കുന്നത്. എന്തായാലും കോട്ടയം ഡിസിസി പ്രസിഡന്റിന്റെ വഴിവിട്ട പോക്ക് കോൺഗ്രസ് രാഷ്ട്രീയം കലുഷിതമാക്കി മാറ്റിയിരിക്കുകയാണ്.
ഉമ്മൻചാണ്ടിയുടെ ആരോഗ്യമുള്ള സമയത്ത് അദ്ദേഹത്തിന്റെ വിശ്വസ്തരായി അറിയപ്പെട്ട പലരും ഇന്ന് അദ്ദേഹത്തെ കാണാൻ പോലും കൂട്ടാക്കുന്നില്ല. അദ്ദേഹത്തിന്റെ പഞ്ചായത്തായ പുതുപ്പള്ളിയിലെ പ്രസിഡന്റായി ദീർഘനാൾ പ്രവർത്തിക്കുകയും നിലവിൽ ജില്ലാ പഞ്ചായത്ത് അംഗമായി തുടരുകയും ചെയ്യുന്ന നെബു ജോൺ ഉമ്മൻചാണ്ടിയുടെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കുക പോലും ചെയ്യാതെ വിദേശത്ത് ഉല്ലാസയാത്ര പോയത് കോൺഗ്രസുകാർക്ക് ഉണ്ടാക്കിയ വേദനയും അമർഷവും ചെറുതൊന്നുമല്ല. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സുഖവാസ യാത്രയുടെ സാമ്പത്തിക സ്രോതസ്സിനെകുറിച്ച് അന്വേഷിക്കണമെന്നും അവർ രേഖാമൂലം പരാതി ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ആളിക്കത്തിക്കുവാൻ ലഭിച്ച അവസരം മുതലാക്കാതെ അനവസരത്തിലെ ഉല്ലാസയാത്രയ്ക്ക് ഡിസിസി പ്രസിഡന്റ് കനത്ത വില നൽകേണ്ടി വരും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് പ്രവർത്തകർ. കെപിസിസി നേതൃത്വം നടപടി സ്വീകരിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധവുമായി തെരുവിലേക്കിറങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.