KeralaNEWS

സുധാകരനെ നീക്കണമെന്നാവശ്യപ്പെട്ട് ഏഴ് എം.പിമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍; പടയൊരുക്കം ശക്തം

ന്യൂഡല്‍ഹി: കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും കെ സുധാകരനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം. സംസ്ഥാനത്തെ ഏഴ് എം.പിമാരാണ് സുധാകരനെ മാറ്റണമെന്ന ആവശ്യം ശക്തമാക്കിയത്. ഇതിന്റെ ഭാഗമായി എം.പിമാര്‍ സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കണ്ടു.

എം.കെ രാഘവന്‍, കെ മുരളീധരന്‍, ടി.എന്‍ പ്രതാപന്‍, ബെന്നി ബഹനാന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചതെന്നാണ് വിവരം.

Signature-ad

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ കാണാന്‍ വേണുഗോപാല്‍ എം.പിമാരോട് നിര്‍ദേശിച്ചു. ഇതനുസരിച്ച് കഴിഞ്ഞ വ്യാഴാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി യോഗ ഹാളില്‍ എം.പിമാര്‍ താരിഖ് അന്‍വറിനെ കണ്ട് ആവശ്യം ഉന്നയിച്ചു.

എം.പിമാര്‍ ഒറ്റയ്ക്കൊറ്റയ്ക്ക് ആണ് താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സി പ്രസിഡന്റ് തങ്ങളോട് കൂടിയാലോചനകളൊന്നും നടത്തുന്നില്ല. സംഘടനാ പുനഃസംഘടന നടത്തുന്നതില്‍ കാലതാമസം വരുത്തുകയാണ് തുടങ്ങിയ പരാതികളും എംപിമാര്‍ ഉന്നയിച്ചു.

സംഘടനാ തലത്തില്‍ പുനഃസംഘടന നീണ്ടുപോകുന്നത് മൂലം താഴേത്തട്ടില്‍ പ്രവര്‍ത്തനം മന്ദീഭവിച്ചു. പൊതു തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെ, സംഘടനാ പുനഃസംഘടന നീണ്ടുപോകുന്നത് താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ തിരിച്ചടി കിട്ടിയതാണെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി.

ബജറ്റ് സമ്മേളനത്തിനിടെ, കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്റെ വാട്സ്ആപ്പ് സന്ദേശം വ്യാഴാഴ്ച ലഭിച്ചതാണ് എംപിമാരെ പ്രകോപിപ്പിച്ചത്. ശനിയാഴ്ച തിരുവനന്തപുരത്ത് കെ.സി വേണുഗോപാലും ഭാരത് ജോഡാ യാത്രയില്‍ സംസ്ഥാനത്തു നിന്നും പങ്കെടുത്ത 19 പദയാത്രികരെയും അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കണെമന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സന്ദേശം.

അവസാന നിമിഷം ലഭിച്ച സന്ദേശമാണ് എം.പിമാരെ ചൊടിപ്പിച്ചത്. ഇവര്‍ കെ.സി വേണുഗോപാലിനെ കണ്ട് അതൃപ്തി അറിയിക്കുകയായിരുന്നു. കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നില്ലെന്നും, എം.പിമാരെ ഇരുട്ടത്ത് നിര്‍ത്തുന്ന സമീപനമാണ് കെപിസിസി നേതൃത്വം കൈക്കൊള്ളുന്നതെന്നും ഇവര്‍ പരാതിപ്പെട്ടു.

എംപിമാരായ ശശി തരൂര്‍, അടൂര്‍ പ്രകാശ്, വി കെ ശ്രീകണ്ഠന്‍ എന്നിവരും പ്രത്യേകം പ്രത്യേകം താരിഖ് അന്‍വറിനെ കണ്ട് സുധാകരന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ ഫോണ്‍ വഴിയും താരിഖ് അന്‍വറുമായി ബന്ധപ്പെട്ടു.

എന്നാല്‍, കെ സുധാകരനെതിരെ ഹൈക്കമാന്‍ഡിനോട് പരാതിപ്പെട്ടു എന്ന റിപ്പോര്‍ട്ട് തരൂര്‍ പിന്നീട് നിഷേധിച്ചു. അതേസമയം എ കെ ആന്റണി, രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ പിന്തുണയുള്ളതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തില്‍ ഒരു പ്രശ്നവുമില്ലെന്നാണ് സുധാകരന്‍ ക്യാംപ് പറയുന്നത്.

 

Back to top button
error: