CrimeNEWS

യു.പിയില്‍ കുടിയൊഴിപ്പിക്കലിനിടെ അമ്മയും മകളും പൊള്ളലേറ്റു മരിച്ചു; തീയിട്ടത് പോലീസെന്ന് ആരോപണം

ലഖന്ൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍, അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ അമ്മയും മകളും വെന്തു മരിച്ചു. പ്രമീള ദീക്ഷിത് മകള്‍ നേഹ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ 13 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ (എസ്എച്ച്ഒ), ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. സംഭവത്തിനു പിന്നാലെ പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

ഇരുവരും വീടിനകത്തു നില്‍ക്കെ, കുടിയൊഴിപ്പിക്കാനെത്തിയ പോലീസുകാരാണ് തീയിട്ടതെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. അതേസമയം, കുടിയൊഴിപ്പിക്കുന്നതിനിടെ ഇരുവരും സ്വയം തീകൊളുത്തി മരിച്ചെന്നാണ് പോലീസിന്റെ ഭാഷ്യം.

Signature-ad

കാന്‍പുര്‍ റൂറലിലെ മദൗലി ഗ്രാമത്തിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയിരുന്നു. അതേസമയം, മുന്‍കൂട്ടി അറിയിക്കാതെയാണ് അധികൃതര്‍ ഒരു സുപ്രഭാതത്തില്‍ ബുള്‍ഡോസറുമായി എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

”ആളുകള്‍ അകത്തു നില്‍ക്കെ അവര്‍ വീടുകള്‍ക്കു തീയിട്ടു. ഞങ്ങളൊക്കെ അതിനിടെ കഷ്ടിച്ചു രക്ഷപ്പെട്ടവരാണ്. ഞങ്ങളുടെ ക്ഷേത്രവും അവര്‍ തകര്‍ത്തു. ഞങ്ങള്‍ക്കായി ആരും ഒന്നും ചെയ്തില്ല. ജില്ലാ മജിസ്‌ട്രേറ്റ് പോലും ഇടപെട്ടില്ല. എല്ലാവരും ഓടി രക്ഷപ്പെട്ടു. എന്റെ അമ്മയെ രക്ഷിക്കാന്‍ ആരുമുണ്ടായില്ല” -മകന്‍ ശിവറാം ദീക്ഷിത് പറഞ്ഞു.

അതേസമയം, ഇരുവരും വീടിനകത്തു കയറി സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് പൊള്ളലേറ്റതായും പോലീസ് അറിയിച്ചു.

Back to top button
error: