മനസ്സിൽ മധു നിറച്ച മലയാള പ്രണയ ഗാനങ്ങൾ
പ്രണയ ഗാനങ്ങൾ
‘പ്രണയസരോവര തീരത്ത് പ്രദോഷ സന്ധ്യാ നേരത്ത് പ്രകാശവലയമണിഞ്ഞൊരു സുന്ദരി’യെക്കുറിച്ച്, ബിച്ചു തിരുമല എഴുതിയ ഗാനമാവാം (ഇന്നലെ ഇന്ന്) പ്രണയം എന്ന വാക്കിനെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന മലയാള ഗാനങ്ങളിൽ ഒന്ന്. അക്കൂട്ടത്തിൽ ചേർക്കാവുന്ന മറ്റ് ഗാനങ്ങൾ ഏതൊക്കെയാവാം…? ബിച്ചു മറ്റൊരിക്കൽ എഴുതി, ‘സർപ്പങ്ങളെപ്പോലെ കൊത്തിപ്പറിക്കും വികാരങ്ങളല്ല, ഉള്ളിന്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും നിർമ്മലമാം അനുരാഗങ്ങൾ, പ്രണയം വിളമ്പും വസന്തങ്ങൾ’ (കരിമ്പന).
പ്രണയം നമ്മുടെ ഗാനരചയിതാക്കളിൽ പ്രത്യക്ഷപ്പെടുന്നത് ഏതൊക്കെ ഭാവങ്ങളിലാണെന്ന് നോക്കൂ. സത്യൻ അന്തിക്കാടിന് അതൊരു ചോദ്യമാണ് – ‘പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം?’ (ഞാൻ ഏകനാണ്). എസ് രമേശൻനായർക്ക് അത് ഒരു ഓർമ്മ- ‘പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാല’ത്തെക്കുറിച്ച് (ഡാർലിങ്ങ് ഡാർലിങ്ങ്). കൈതപ്രത്തിന് ആഹ്‌ളാദം- ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ!’ (അഴകിയ രാവണൻ). പുത്തഞ്ചേരിക്ക് ദുഃഖം- ‘പ്രണയ സന്ധ്യയൊരു വിൺസൂര്യന്റെ വിരഹമറിയുന്നുവോ?’ (ഒരേ കടൽ). പൂവ്വച്ചൽ ഖാദറിന് ഹാസ്യം- ‘പ്രണയ സ്വരം, ഹൃദയ സ്വരം’ (നാണയം). റഫീഖ് അഹമ്മദിന് ഭക്തി- ‘പ്രണയമയി രാധ’ (ആമി). വയലാറിന് അതൊരു പക്ഷെ ഒരു പ്രശ്നമാകാം- ‘പ്രണയകലഹമോ പരിഭവമോ’ (ശിക്ഷ).
ഒ.എൻ.വിയെപ്പോലെ ‘പ്രണയമൊരാനന്ദ യുഗ്മഗാനം’ എന്ന് പ്രഖ്യാപിച്ച് നമ്മിൽ ‘ഒരസുലഭ മധുരമാം നിർവൃതി’ നിറച്ചവരാണ് നമ്മുടെ ഗാനരചയിതാക്കൾ. പുതിയ ഭാവരാഗാനുഭൂതികൾ ബാക്കിയായി പ്രണയമെന്ന വികാരം ഇനിയും നദി പോലെ ഒഴുകുന്നു, പാരെങ്ങും നിറയുന്നു. ഓരോരോ ജന്മങ്ങളിലും ഇനിയും പിറക്കാത്ത ജന്മങ്ങളിലും പാടുവാനായി.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ