ശ്രീലങ്കന്‍ പട്ടാളം 2009ല്‍ കൊലപ്പെടുത്തിയെന്ന് ലോകം വിശ്വസിക്കുന്ന എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമായി തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് നെടുമാരന്.
പ്രഭാകരന് പൂര്‍ണ ആരോഗ്യവാനാണെന്നും ഉടന്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുമെന്നും നെടുമാരന് പറഞ്ഞു. പ്രഭാകരന്റെ അറിവോടുകൂടിയാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തുന്നത്. സിംഹള പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജപക്സെ സര്‍ക്കാരിന് സംഭവിച്ച പതനവും ചില അന്താരാഷ്ട്ര സാഹചര്യങ്ങളും പ്രഭാകരന് തിരിച്ചുവരാനുള്ള അനുകൂല അന്തരീക്ഷമാണെന്നും നെടുമാരന് തഞ്ചാവൂരില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രഭാകരന്റെ കുടുംബത്തിന്റെ അനുമതിയോടെയാണ് വിവരം പുറത്തുവിടുന്നത്. കുടുംബം പ്രഭാകരനുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നു. എന്നാല്‍ പ്രഭാകരന് എവിടെയാണ് താമസിക്കുന്നതെന്ന് വ്യക്തമാക്കാന്‍ കഴിയില്ല. കൃത്യസമയത്ത് പ്രഭാകരന് തന്നെ എല്ലാം വിശദമാക്കുമെന്നും നെടുമാരന് പറഞ്ഞു.
എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന് ജീവിച്ചിരിക്കുന്നുണ്ടെന്ന തമിഴ് നാഷണലിസ്റ്റ് മൂവ്മെന്റ് നേതാവ് പി. നെടുമാരന്റെ അവകാശവാദത്തെ തള്ളി ശ്രീലങ്ക. അവകാശവാദം ഫലിതമെന്നാണ് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. 2009 മേയ് 19 ൻ പ്രഭാകരൻ കൊല്ലപ്പെട്ടതായി ഡി.എന്‍.എ തെളിവുകളിലൂടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ വക്താവ് കേണൽ നളിൻ ഹെരാത് പിടിഐയോട് പ്രതികരിച്ചു.
ശ്രീലങ്കയില്‍ പ്രത്യേക രാജ്യം ആവശ്യപ്പെട്ട തമിഴ് പുലികള്‍ക്കെതിരേയും അവരെ അനുകൂലിക്കുന്നവര്‍ക്ക് എതിരേയും ശ്രീലങ്ക വ്യാപക സൈനിക നടപടി സ്വീകരിച്ചിരുന്നു. ഇതിനൊടുവിലാണ് പ്രഭാകരന് കൊല്ലപ്പെട്ടുവെന്ന് ശ്രീലങ്കന്‍ സൈന്യം അവകാശപ്പെട്ടത്. സൈനിക നടപടി വംശഹത്യയാണെന്നും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്സെയെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ വിചാരണയ്ക്ക് വിധേയനാക്കണമെമെന്നും നെടുമാരന് ആവശ്യപ്പെടുന്നു.
ഇതിനിടെ, നെടുമാരന്റെ അവകാശവാദത്തെ സാധൂകരിക്കുന്ന പ്രസ്താവനയുമായി ശ്രീലങ്കന്‍ മുന്‍മന്ത്രി എം.പി. ശിവാജിലിംഗം രംഗത്തെത്തിയിരുന്നു. തിരിച്ചറിഞ്ഞ മൃതദേഹം പ്രഭാകരന്റേതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ശിവാജിലിംഗം പറഞ്ഞു. പ്രഭാകരന് ജീവിച്ചിരിക്കുന്നു എന്ന അവകാശവാദം നെടുമാരന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ ശിവലിംഗം, അത് തള്ളിക്കളയാന്‍ കഴിയില്ലെന്നും സത്യമാണെങ്കില്‍ ലോകത്ത് എല്ലായിടത്തുമുള്ള തമിഴന്മാര് സന്തോഷവാന്മാരായിരിക്കുമെന്നും പറഞ്ഞു. തമിഴ് ഈഴം സ്ഥാപിക്കാനുള്ള സാഹചര്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.