തിരുവനന്തപുരം: നാവായിക്കുളത്ത് വീട്ടമ്മയെ കടയ്ക്കുള്ളിലാക്കി തീയിട്ട സംഭവത്തിനു പിന്നില്‍ കുടുംബ വഴക്ക്. ജാസ്മിന് എന്ന മുപ്പത്തേഴുകാരിയേയാണ് കടയിലിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ജാസ്മിന്റെ അമ്മയുടെ സഹോദരന് ഇസ്മയിലാണ് തീകൊളുത്തിയത്. ഇസ്മയിലും ജാസ്മിന്റെ മാതാവും തമ്മില്‍ കുടുംബവഴക്കും അതിര്‍ത്തി തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ജാസ്മിനെതിരായ ആക്രമണം. വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇസ്മയിലിനെയും ഗുരുതരമായി പൊള്ളലേറ്റ ജാസ്മിനെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
നാവായിക്കുളത്തിനടുത്ത് വെള്ളൂര്ക്കോണത്താണ് കുടുംബവഴക്ക് രണ്ട് പേരുടെ ജീവന് അപകടത്തിലാക്കുന്ന ആക്രമണത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച രാവിലെ ജാസ്മിന്റെ കടയിലെത്തിയ ഇസ്മയില്‍ ബഹളം വച്ചു. ഇതിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ കടയിലേക്ക് ഒഴിച്ച് തീകൊളുത്തി. കടയ്ക്കുള്ളില്‍ നിന്ന ജാസ്മിന്റെ ദേഹത്തും പെട്രോള്‍ തെറിച്ച് വീഴുകയും തീപടരുകയും ചെയ്തു. നാട്ടുകാരാണ് ഓടിയെത്തി തീ അണച്ചതും ജാസ്മിനെ ആശുപത്രിയിലാക്കിയതും.
കല്ലമ്പലം പോലീസ് പിടികൂടാനെത്തിയപ്പോഴേയ്ക്കും ഇസ്മയിലിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ വിഷം കഴിച്ചാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജാസ്മിനും വിഷം ഉള്ളില്‍ ചെന്ന ഇസ്മയിലും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.