CrimeNEWS

ജാതിയധിക്ഷേപ സ്‌കിറ്റ്: ജെയ്ന്‍ സര്‍വകലാശാലയിലെ പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളും അടക്കം 9 പേര്‍ അറസ്റ്റില്‍

ബംഗളൂരു: സ്‌കിറ്റിലൂടെ ജാതിയധിക്ഷേപം നടത്തിയ ബംഗളുരു ജെയ്ന്‍ സര്‍വകലാശാലയിലെ ഏഴ് വിദ്യാര്‍ഥികള്‍ അടക്കം 9 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളും ജയ്ന്‍ സര്‍വകലാശാലയിലെ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിന്‍സിപ്പലും പരിപാടി സംഘടിപ്പിച്ചയാളുമാണ് അറസ്റ്റിലായത്. വിവിധ ദളിത് സംഘടനകള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രിന്‍സിപ്പലിനെതിരെയും സര്‍വകലാശാലാ ഡീനിന് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Signature-ad

കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (സിഎംഎസ്) വിദ്യാര്‍ത്ഥികളാണ് വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത്. ഒരു ദളിത് യുവാവ് സവര്‍ണ യുവതിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതാണ് സ്‌കിറ്റിന്റെ പ്രമേയം. കോളജ് ഫെസ്റ്റിനിടെ ‘മാഡ് ആഡ്‌സ്’ എന്ന സെഗ്മെന്റിലാണ് സ്‌കിറ്റ് അവതരിപ്പിച്ചത്. യുവാവ് ഡേറ്റിംഗിന് വന്നപ്പോള്‍ പോലും ഒരേ പ്ലേറ്റില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ യുവതി സമ്മതിച്ചില്ലെന്നും സ്‌കിറ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്‌കിറ്റില്‍ ഇത്ര പെട്ടെന്ന് വന്നതെന്തിന് എന്ന യുവതിയുടെ ചോദ്യത്തിന് ‘ഷെഡ്യൂള്‍ഡ് കാസ്റ്റ്’ ആയതുകൊണ്ടാണെന്നാണ് യുവാവ് നല്‍കുന്ന മറുപടി. എല്ലാം വേഗം കിട്ടുമെന്നതുകൊണ്ടാണ് ഗാന്ധിജി ദളിതരെ ഹരിജന്‍ എന്ന് വിളിച്ചതെന്നും കോളജ് സീറ്റ് പോലും സംവരണം ചെയ്യപ്പെട്ടതാണല്ലോ എന്നും സ്‌കിറ്റില്‍ പരിഹസിക്കുന്നുണ്ട്. സ്‌കിറ്റില്‍ ബി.ആര്‍ അംബേദ്കറെ ‘ബിയര്‍ അംബേദ്കര്‍’ എന്ന് വിളിച്ച് അധിക്ഷേപിക്കുന്നുമുണ്ട്. നേരത്തേ സ്‌കിറ്റ് അവതരിപ്പിച്ച ആറ് വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Back to top button
error: