തൃശൂര്‍: സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ സമരം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം തുടങ്ങും. മാര്‍ച്ച് 31ന് മുമ്പ് വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളുടെ നിലവിലെ യാത്രാനിരക്ക് വെറും ഒരു രൂപയാണ്. ഇത് അഞ്ച് രൂപയാക്കണം. വര്‍ഷങ്ങളായി ഒരു രൂപയാണ് വിദ്യാര്‍ഥികളുടെ നിരക്ക്. ഇത് വര്‍ധിപ്പിക്കണം. ഫെബ്രുവരി 28ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകളിലേക്കും ബസുടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു.
ഇന്ധന സെസ് പിന്‍വലിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ധന സെസ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്നാണ് വ്യാപാരികൾ വ്യക്തമാക്കുന്നത്. പെട്രോൾ ഡീസൽ സെസ്സ് പിൻവലിക്കണം. കേന്ദ്രം പെട്രോളിനും ഡീസലിനും ടാക്സ് കുറച്ചപ്പോൾ സംസ്ഥാനത്തോട് കുറയ്ക്കണം എന്ന് ആവശ്യപ്പെട്ടു. കേരളം നികുതി കുറച്ചില്ല. ശക്തമായ സമരം സംഘടിപ്പിക്കും. ഇത് രാഷ്ട്രീയ പാർട്ടികളുടെ സമരം പോലെ ആകില്ലെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു.