രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും, എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം; ഗ്രോബാഗിലും വളര്‍ത്താം വെളുത്ത വഴുതന
രാജ്യത്ത് എല്ലാ മേഖലകളിലും കൃഷി ചെയ്യുകയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന പച്ചക്കറിയാണ് വഴുതന. വിവിധ ഇനത്തിലുള്ള വഴുതനകള്‍ നമ്മുടെ നാട്ടിലുണ്ട്. നിറത്തിലും ആകൃതിയിലും രുചിയിലുമെല്ലാം വൈവിധ്യമുള്ള വിളയാണിത്. ഗുണങ്ങള്‍ നിറഞ്ഞ ഈ പച്ചക്കറി അടുക്കളത്തോട്ടത്തില്‍ വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗ്രോബാഗിലും ചട്ടിയിലുമെല്ലാം നല്ല പോലെ വഴുതന വളര്‍ന്നു വിളവ് തരും.
വിവിധ തരത്തിലുള്ള വെളുത്ത ഇനം വഴുതനകളുണ്ട്. ടാങ്ഗോ, കൗഡ് നയണ്‍, ഈസ്റ്റര്‍ എഗ്ഗ്, വൈറ്റ് ബ്യൂട്ടി, ജപ്പാനീസ് വൈറ്റ് എഗ്ഗ് എന്നിവയാണ് ഗ്രോബാഗില്‍ വളര്‍ത്താന്‍ അനുയോജ്യ ഇനങ്ങള്‍. വലിയ ഉയരത്തില്‍ വളരാത്ത ഇവ നല്ല പോലെ പടരും.
നടീല്‍ രീതിയും പരിപാലനവും
ഗ്രോബാഗില്‍ കൃഷി ചെയ്യുമ്പോള്‍ ചാണകപ്പൊടി, എല്ലുപൊടി, മണ്ണിരക്കമ്പോസ്റ്റ്, ചാരം എന്നിവയ്ക്കൊപ്പം കടലപ്പിണ്ണാക്ക്, വേപ്പിന്‍പ്പിണ്ണാക്ക് എന്നിവ കൂട്ടികലര്‍ത്തി ആഴ്ചയിലൊരിക്കല്‍ തടത്തിലടണം. നല്ല പോലെ കായ്കളുണ്ടാകാനിതു സഹായിക്കും. കീടങ്ങളെ ചെറുക്കാന്‍ സോപ്പ് അല്ലെങ്കില്‍ വേപ്പെണ്ണ ലായനി ഉപയോഗിക്കുക.
ഗുണങ്ങള്‍
ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനിതു സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാം. എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങള്‍ എല്ലുകള്‍ക്ക് ശക്തി നല്‍കും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.