KeralaNEWS

റിസോര്‍ട്ട് വിവാദത്തില്‍ ഇ.പിക്കെതിരേ അന്വേഷണമില്ലെന്ന് എം.വി. ഗോവിന്ദന്‍; വിവാദം മാധ്യമ സൃഷ്ടിയെന്നും ആരോപണം

തിരുവനന്തപുരം: റിസോര്‍ട്ട് വിവാദത്തില്‍ ഇ.പി ജയരാജനെതിരേ അന്വേഷണമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. വിവാദം മാധ്യമസൃഷ്ടിയാണെന്നും ആരോപണം ചോര്‍ന്നത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി ജയരാജനെതിരേ ഉടന്‍ അന്വേഷണമുണ്ടാവില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പി.ജയരാജന്‍ ഉന്നയിച്ച റിസോര്‍ട്ട് ആരോപണ വാര്‍ത്ത ചോര്‍ന്നത് പോളിറ്റ് ബ്യൂറോ പരിശോധിച്ച ശേഷമായിരിക്കും അന്വേഷണം തീരുമാനിക്കുക.പിബിയുടെ പരിഗണനയില്‍ നേരത്തെ വിഷയം വന്നത് കൊണ്ട് കേന്ദ്രം തീരുമാനിച്ച ശേഷം ഇക്കാര്യത്തില്‍ അന്വേഷണം മതിയെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉണ്ടായ പൊതുവികാരം.

Signature-ad

ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചാണ് കണ്ണൂര്‍ വെള്ളീക്കലില്‍ റിസോര്‍ട്ട് പണിതതെന്ന ആരോപണം പിബിയുടെ പരിഗണനയില്‍ നേരത്തെ വന്നിരിന്നു. കേന്ദ്രകമ്മിറ്റി അംഗത്തിനെതിരേ ആണ് ആരോപണമെങ്കിലും സംസ്ഥാനത്തുണ്ടായ സംഭവമായത് കൊണ്ട് സംസ്ഥാനകമ്മിറ്റി പരിശോധിക്കട്ടെ എന്ന നിലപാടാണ് പിബി അന്ന് സ്വീകരിച്ചത്. തന്റെ വിശദീകരണം സംസ്ഥാനകമ്മിറ്റിയില്‍ നല്‍കിയ ഇ.പി ജയരാജന്‍, പി.ജയരാജന്‍ ഉന്നയിച്ച ആരോപണ വാര്‍ത്ത ചോര്‍ന്നത് പരിശോധിക്കണെന്നാവശ്യവും മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറിയേറ്റ് പരിഗണിക്കുമെങ്കിലും കേന്ദ്രകമ്മിറ്റി അംഗം ഉന്നയിച്ച ആവശ്യം എന്ന നിലയില്‍ പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലേക്കും വന്നേക്കും.

അതേസമയം, സംസ്ഥാന നേതാക്കള്‍ വിവാദങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെ പൂര്‍ണമായും തള്ളിപ്പറയുന്നുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന യാത്ര ഉടനെ ആരംഭിക്കാനിരിക്കെ പാര്‍ട്ടിയെ പൊതുസമൂഹത്തിന് മുന്നില്‍ താഴ്ത്തികെട്ടുന്ന വാര്‍ത്തകള്‍ വരുന്നത് നല്ലതല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം.

 

Back to top button
error: