ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത കളിക്കാരനെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ക്രിക്കറ്റ് പരിശീലകന് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശ് ദേവരിയയിലെ രവീന്ദ്ര കിഷോര്‍ ഷാഹി സ്പോര്‍ട്സ് സ്റ്റേഡിയത്തിലെ കോച്ചായ അബ്ദുള്‍ അഹദിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കോച്ചും വാര്‍ഡനുമായ അബ്ദുള്‍ അഹദ് ഹോസ്റ്റലിനുള്ളില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിക്കറ്റ് ട്രെയിനിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ആര്‍.പി സിംഗ് നടപടി സ്വീകരിച്ചത്. ഉത്തരവ് പ്രകാരം, സസ്‌പെന്‍ഷന്‍ കാലയളവില്‍, അഹാദ് ലഖ്നൗവിലെ റീജിയണല്‍ ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യും. സ്പോര്‍ട്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.എന്‍ സിങ് കേസ് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നതെന്നാണ് സൂചന. രണ്ട് ദിവസം മുമ്പ് വീഡിയോ വൈറലായതോടെ കായിക വകുപ്പ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
അതേസമയം, പ്രായപൂര്‍ത്തിയാകാത്ത താരം പരിശീലകനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന മറ്റൊരു വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പരിശീലകന്‍ മോശമായി സംസാരിച്ചെന്നും മസാജ് ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും താരം ആരോപിച്ചു. പിതാവിനോട് സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്നും പറയുന്നു. എന്നാല്‍, ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ വീണു മുതുകിന് പരിക്കേറ്റതായി കോച്ച് പറഞ്ഞു. വേദന കടുത്തപ്പോള്‍ മസാജ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് വീഡിയോ ചെയ്തതെന്നും എന്തിനാണെന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഈ വീഡിയോ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം സദര്‍ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു.ഈ സമിതി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.