മലപ്പുറം: മോഷണക്കേസ് അന്വേഷിക്കാനെത്തിയ പോലീസ് നായയുടെ തലയില്‍ തേങ്ങ ‘വീണു’. തറയില്‍വീണ തേങ്ങ തെറിച്ച് തലയില്‍തട്ടിയതോടെ നായ പേടിച്ചുവിരണ്ടു. എളമ്പുലാശ്ശേരി സ്‌കൂളിനു സമീപത്തുള്ള അടച്ചിട്ട വീട് തുറന്ന് ആഭരണം കവര്‍ന്ന കേസ് അന്വേഷിക്കാനാണ് ചാര്‍ലിയെന്ന നായയുമായി പോലീസ് എത്തിയത്.
മോഷ്ടാക്കള്‍ ഉപേക്ഷിച്ച വസ്തുക്കളില്‍ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി -കണ്ടാരിപ്പാടം റോഡില്‍വെച്ച് നായയുടെ ദേഹത്ത് തേങ്ങവീണത്. റോഡില്‍വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ തട്ടുകയായിരുന്നു. നായയ്ക്ക് കാര്യമായ പരുക്കേറ്റില്ലെങ്കിലും തെളിവെടുപ്പിനുശേഷം പോലീസ് സംഘം നായയുമായി മടങ്ങി. നായ സുഖമായിരിക്കുന്നുവെന്ന് ഡോഗ് സ്‌ക്വാഡ് വ്യക്തമാക്കി.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തിയത്. ബുധനാഴ്ചയാണ് വി.പി. മുരളീധരന്റെ വീട്ടില്‍നിന്ന് ആളില്ലാത്ത സമയത്ത് നാലുപവന്‍ മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്. താക്കോല്‍ കുറച്ചകലെയുള്ള പറമ്പില്‍നിന്നും കവറില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മറ്റൊരിടത്തുനിന്നും കണ്ടെടുത്തിരുന്നു.