IndiaNEWS

ഹൃദയങ്ങള്‍ കീഴടക്കി ഇന്ത്യന്‍ സൈന്യം; ദുരന്തഭൂമിയില്‍ കൈത്താങ്ങായി ‘ഓപറേഷന്‍ ദോസ്ത്’

ന്യൂഡല്‍ഹി: ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിയില്‍ ഹൃദയങ്ങള്‍ കീഴടക്കി ഇന്തന്‍ സൈന്യം. ദുരന്ത ഭൂമിയില്‍ ഇന്ത്യന്‍ സൈന്യത്തിന്‍െ്‌റ രക്ഷാദൗത്യമായ ‘ഓപറേഷന്‍ ദോസ്ത്’ പുരോഗമിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം തുര്‍ക്കിയിലും സിറിയയിലുമായി ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 21,000 പിന്നിട്ടു.

കടുത്ത മഞ്ഞു വീഴ്ചയും അടിക്കടിയുണ്ടാകുന്ന മഴയും നാലാം ദിവസവും തുടരുന്ന രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
വൈദ്യുതിയും ഇന്ധനവും ഭക്ഷണവും അഭയകേന്ദ്രങ്ങളുമില്ലാത്തവര്‍ മരംകോച്ചുന്നതണുപ്പില്‍ വിറങ്ങലിക്കുകയാണെന്നാണ് പുറത്തു വരുന്ന വിവരം. ഇത് ഭൂകമ്പത്തില്‍ രക്ഷപ്പെട്ടവരുടെ അതിജീവനം ദുഷ്‌കരമാക്കുന്നു. പലയിടത്തും ദുരിതാശ്വാസപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Signature-ad

നാലു ദിവസം കഴിഞ്ഞും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ചിലരെയെങ്കിലും ജീവനോടെ പുറത്തെടുക്കാന്‍ കഴിയുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയ്ക്ക് വകനല്‍കി. ഭൂകമ്പം ഏറ്റവുംകൂടുതല്‍ നാശംവിതച്ച അന്താക്യയില്‍ പ്രതികൂലകാലാവസ്ഥയ്ക്കിടയിലും രാപകല്‍ഭേദമെന്യേ തിരച്ചില്‍ തുടരുകയാണ്.

അതിനിടെ, തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥയെ സ്‌നേഹാലിംഗനം ചെയ്യുന്ന ടര്‍ക്കിഷ് വനിതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ‘പരിപാലിക്കാന്‍ ഞങ്ങളുണ്ട്’ എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ സൈന്യം തന്നെയാണ് ദുരന്തമുഖത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നിമിഷനേരങ്ങള്‍ കൊണ്ട് ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ വിറച്ചുനില്‍ക്കുന്ന സിറിയയിലും തുര്‍ക്കിയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ടണ്‍ കണക്കിന് ദുരിതാശ്വാസ സാമഗ്രികളാണ് ഇരുരാജ്യങ്ങളിലേക്കുമായി അയച്ചിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തുര്‍ക്കിയിലെ ഹതായയില്‍ ആശുപത്രിയും തുറന്നിട്ടുണ്ട്. ആവശ്യമായ മരുന്നുകളും മറ്റ് സേവനങ്ങളും ഇന്ത്യ നല്‍കുന്നുണ്ട്. അതിന് പുറമെ, തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവന്റെ തുടിപ്പുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

 

ഇന്ത്യന്‍ സംഘം എത്തുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് 135 ടണ്‍ അവശ്യസാധനങ്ങള്‍, മൊബൈല്‍ ആശുപത്രി സൗകര്യങ്ങള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവ അയച്ചിരുന്നു. 30 കിടക്കകളുള്ള ഒരു താത്ക്കാലിക ആശുപത്രിയാണ് കരസേന ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയായി വെന്റിലേറ്ററുകള്‍, എക്‌സറേ യന്ത്രങ്ങള്‍, ഓക്‌സിജന്‍ പ്ലാന്റുകളും സജ്ജമാക്കിയിട്ടുണ്ട്.

കരസേനയ്‌ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിനും വൈദ്യസഹായത്തിനുമായി ദുരന്തമുഖത്തേക്ക് പറന്നിറങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ 101 അംഗ ദുരന്തനിവാരണ സേനയും അവര്‍ക്കൊപ്പം ആരോഗ്യവിദഗ്ദ്ധരും വൈദഗ്ധ്യം തെളിയിച്ച നായകളും സംഘത്തിലുണ്ട്.

ഇവര്‍ക്ക് പിന്നാലെ 99 പേര്‍ ഉള്‍പ്പെടുന്ന കരസേനയുടെ പാരാ മെഡിക്ക് സംഘവും തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തകര്‍ന്നുകിടക്കുന്ന കെട്ടിടത്തിന്റെ ഇടയില്‍നിന്നും ആറുവയസുകാരിയെ എന്‍ഡിആര്‍എഫ് സംഘം ജീവനോടെ പുറത്തെടുത്തിരുന്നു.

 

 

 

Back to top button
error: