KeralaNEWS

ആറു മാസമായി ശമ്പളമില്ല; രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ സാക്ഷരതാ പ്രേരക് ജീവനൊടുക്കി

കൊല്ലം: പത്തനാപുരത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. മാങ്കോട് സ്വദേശി ഇ.എസ് ബിജുമോനാ(49) ണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ആറ് മാസമായി ശമ്പളം കിട്ടാത്തതിനെത്തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ബിജുമോന്‍ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇരുപത് വര്‍ഷമായി സാക്ഷരതാ പ്രേരകായി ജോലി ചെയ്ത് വരികയായിരുന്ന ബിജുമോനെ ഇന്നലെ രാവിലെയാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്തനാപുരം ബ്ലോക്ക് നോഡല്‍ പ്രേരകാണ് ബിജുമോന്‍. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്നും ബിജുമോന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

Signature-ad

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാര്‍ച്ച് 31ന് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പായില്ല. ഇതേത്തുടര്‍ന്നാണ് ഇവരുടെ ശമ്പളം മുടങ്ങിയത്. കഴിഞ്ഞ 80 ദിവസമായി കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്. സംസ്ഥാനത്തെ 1714 പ്രേരക്മാര്‍ ബിജുമോനെ പോലെ സമാന പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണെന്ന് സംഘടന പ്രതിനിധികള്‍ പറയുന്നു. അവിവാഹിതനാണ് മരിച്ച ബിജുമോന്‍. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Back to top button
error: