IndiaNEWS

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോ​ഗിച്ചതായി റിപ്പോർട്ട്.

വാഷിങ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാൻ ചൈന ചാര ബലൂൺ ഉപയോ​ഗിച്ചതായി റിപ്പോർട്ട്. ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂൺ ഉപയോ​ഗിച്ചിരുന്നതായി ദ വാഷിങ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ ചൈനീസ് ചാര ബലൂൺ യുഎസ് മിസൈൽ ഉപയോഗിച്ചു തകർത്തതിനു പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

തെക്കൻ തീരമായ ഹൈനാൻ പ്രവിശ്യയിൽ ചൈനീസ് ചാര ബലൂൺ നിരീക്ഷണം ന‌ടത്തുന്നുണ്ട്. ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തയ്‌‍‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെ സൈനിക വിവരങ്ങൾ അടക്കം ബലൂൺ വഴി ശേഖരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ടെന്നും ചൈനയുടെ ബലൂൺ ചാരപ്രവർത്തനം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുകയാണെന്നും വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Signature-ad

ചൈനയുടെ സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ബലൂണുകൾ നിയന്ത്രിക്കുന്നത്. അത്യാധുനിക സംവിധാനത്തോടെ പ്രവർത്തിക്കുന്ന ബലൂണുകളുടെ സാന്നിധ്യം അഞ്ചിലേറെ ഭൂഖണ്ഡങ്ങളിലുണ്ടെന്നും ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിലും ചാര ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കാനഡയുടെ പിന്തുണയോടെയാണ് സൗത്ത് കാരലൈന തീരത്ത് യുഎസ് വ്യോമസേനയുടെ എഫ്–22 യുദ്ധവിമാനം ചൈനീസ് ബലൂൺ വെടിവെച്ച് വീഴ്ത്തിയത്.

അപകടം ഒഴിവാക്കാനായി അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിൽ വെച്ചാണ് ബലൂൺ വെടിവെച്ച് വീഴ്ത്തിയത്. അമേരിക്കയുടെ നടപടിക്കെതിരെ ചൈന രം​ഗത്തെത്തിയിരുന്നു. യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റിയാണ് ബലൂൺ എത്തിയതെന്നാണ് ചൈനീസ് അവകാശവാദം. മൂന്നു സ്കൂൾ ബസുകളുടെ വലുപ്പമുള്ള, 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂൺ അമേരിക്കയിൽ കടുത്ത ആശങ്കയാണ് ഉയർത്തിയത്. ബലൂൺ വിവാ​ദത്തെ തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനീസ് യാത്ര റദ്ദാക്കിയിരുന്നു.

Back to top button
error: