LIFEMovie

മോഹന്‍ലാല്‍ ആടുതോമയായി നിറഞ്ഞാടിയ സ്‍ഫടികം ഇന്ന് തിയറ്ററുകളിലെത്തും; കേരളത്തില്‍ 145 സ്ക്രീനുകളില്‍

ഡിജിറ്റല്‍ റീമാസ്റ്ററിംഗ് നടത്തിയ ഒരു മലയാള ചിത്രം ആദ്യമായി വലിയ സ്ക്രീന്‍ കൌണ്ടോടെ തിയറ്ററുകളില്‍ എത്തുകയാണ്. സ്‍ഫടികമാണ് ചിത്രം. ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 1995 ല്‍ പുറത്തെത്തിയ ചിത്രം മലയാളികളുടെ എക്കാലത്തെയും പ്രിയ സിനിമകളില്‍ ഒന്നാണ്. പില്‍ക്കാലത്ത് കള്‍ട്ട് പദവി തന്നെ നേടിയിട്ടുള്ള സ്ഫടികം ഏറ്റവും കൂടുതല്‍ തവണ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണ്. ടെലിവിഷന്‍ പ്രദര്‍ശനങ്ങളിലെ റേറ്റിംഗില്‍ ഇക്കാലത്ത് പോലും മിനിമം ഗ്യാരന്‍റി ഉറപ്പിക്കാന്‍ സാധിക്കുന്നു എന്നത് ഈ ചിത്രത്തിന്‍റെ സമാനതകളില്ലാത്ത ജനപ്രീതിയുടെ തെളിവാണ്. ഇപ്പോഴിതാ 4കെ, ഡോള്‍ബി അറ്റ്മോസ് അപ്ഡേഷനോടെ എത്തുന്ന ചിത്രത്തിന്‍റെ റിലീസ് നാളെയാണ്. കേരളത്തില്‍ വൈഡ് റിലീസ് ആണ് ചിത്രത്തിന്. 145 സ്ക്രീനുകളിലാണ് പ്രദര്‍ശനം.

Signature-ad

ആദ്യ പതിപ്പിനേക്കാള്‍ എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടുതലുണ്ട് നാളെ എത്തുന്ന പതിപ്പിന്. “ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിം​ഗ് എന്‍റെ മേല്‍നോട്ടത്തില്‍ നടത്തി. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോ​ഗിച്ചത്.

ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്”, ഒരു അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ആടുതോമ എന്ന തോമസ് ചാക്കോയായി നിറഞ്ഞാടിയ ചിത്രത്തില്‍ തിലകന്‍റെ ചാക്കോമാഷും വേറിട്ട കഥാപാത്രവും പ്രകടനവുമായിരുന്നു. നെടുമുടി വേണു, ഉര്‍വ്വശി, കെപിഎസി ലളിത, രാജന്‍ പി ദേവ് തുടങ്ങി ഒരുപിടി പ്രതിഭാധനരുടെ മികച്ച പ്രകടനങ്ങളാണ് ചിത്രത്തില്‍.

Back to top button
error: