ലഖ്നൗ: മുറിയില്‍ ഗര്‍ഭപരിശോധനാ കിറ്റ് കണ്ടെത്തിയതിനു പിന്നാലെ മകളെ കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി ഉപേക്ഷിച്ച് മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ കൗശാമ്പിയിലാണ് സംഭവം. ഇതിനുശേഷം മകളെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതിയും നല്‍കി.
തെന്‍ഷാ അലാമാബാദ് സ്വദേശികളായ നരേഷ്-ശോഭ ദമ്പതികളുടെ മകളായ 21 വയസുകാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം നാട്ടിലെ കനാലില്‍ വികൃതമാക്കപ്പെട്ട നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിയുടെ മാതാപിതാക്കളെയും രണ്ടു ബന്ധുക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി.
മകള്‍ക്ക് അനവധി ആണ്‍സുഹൃത്തുക്കളുണ്ടായിരുന്നു. ഇവരുമായെല്ലാം മകള്‍ മൊബൈല്‍ ഫോണില്‍ പതിവായി സംസാരിച്ചിരുന്നു. എന്നാല്‍, ഗര്‍ഭപരിശോധന കിറ്റ് കൂടി കണ്ടെത്തിയതോടെ മകളുടെ ചാരിത്ര്യത്തിലുള്ള സംശയം ഉറപ്പിക്കുകയായിരുന്നു. ഇതെത്തുടര്‍ന്നാണ് കൊല നടത്തിയതെന്ന് നരേഷ് പോലീസിനോട് പറഞ്ഞു.
നരേഷും ശോഭയും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയയിരുന്നു. ശേഷം തിരിച്ചറിയാതിരിക്കാനായി ആസിഡ് ഒഴിച്ച് മൃതദേഹം വികൃതമാക്കി. ശേഷം ബന്ധുക്കളായ രണ്ട് പേരുടെയും സഹായത്തോടെ മൃതദേഹം അല്‍പമകലെയുള്ള കനാലില്‍ ഉപേക്ഷിച്ചു. ശേഷം ഫെബ്രുവരി മൂന്നിന് പോലീസില്‍ മകളെ കാണാനില്ലെന്ന് പരാതിയും നല്‍കി.
പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഗ്രാമത്തിലെ കനാലില്‍ മൃതദേഹം കണ്ടെത്തിയത്. ഇത് കാണാതായ യുവതിയുടേതാണെന്ന് മനസിലായതോടെ അടുത്ത ബന്ധുക്കളടക്കമുള്ളവരെ ചോദ്യം ചെയ്യുകയായിരുന്നു.