തിരുവനന്തപുരം: കുറവന്‍കോണത്ത് യുവതിയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചല്‍ സ്വദേശി വൈശാഖിനെയാണ് അറസ്റ്റ് ചെയ്തത്.
രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോയ യുവതിക്ക് നേരെയാണ് കുറവന്‍കോണത്ത് വെച്ച് ലൈംഗികാതിക്രമം ഉണ്ടായത്. കാറിലിരുന്ന പള്ളിച്ചല്‍ സ്വദേശിയായ വൈശാഖ് വഴിയാത്രക്കാരിയായ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും കൈയ്യില്‍ കയറി പിടിക്കുകയും ചെയ്തു. പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടികൂടിയെങ്കിലും പ്രതി കടന്നുകളഞ്ഞു. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചെന്നെത്തിയത് വികാസ് ഭവനിലെ വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓഫീസിലാണ്. വ്യവസായ വകുപ്പിലെ ക്ലര്‍ക്കാണ് പ്രതി.
ഓഫീസില്‍ കയറി മ്യൂസിയം പോലീസ് വൈശാഖിനെ കൈയ്യോടെ പിടികൂടി. ഇതിന് മുമ്പും പെണ്‍കുട്ടിയെ ശ്രദ്ധിച്ചിട്ടുള്ള വൈശാഖ് കരുതികൂട്ടി അതിക്രമം നടത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതേസമയം, മ്യൂസിയം പരിസരത്ത് സാഹിത്യോത്സവം കഴിഞ്ഞ് മടങ്ങിയ സ്ത്രീയെ ആക്രമിച്ച ബൈക്ക് യാത്രക്കാരായ രണ്ടുപ്രതികളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.