Social MediaTRENDING

ഓട്ടിസം ബാധിതനായ മക​ന്റെ പിറന്നാളാഘോഷത്തിന് 19 സഹപാഠികളെ ക്ഷണിച്ചു, പക്ഷേ എത്തിയത് ഒരേ ഒരാൾ: ഹൃദയം തകർന്ന് അച്ഛന്റെ കുറിപ്പ്; ഒടുവിൽ മാക്സിന് പിറന്നാൾ ആശംസകൾ നേർന്ന് ആയിരക്കണക്കിന് നെറ്റിസൺസ്

ങ്ങളുടെ കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ വിവേചനം നേരിടേണ്ടി വന്നാൽ മാതാപിതാക്കൾക്ക് അത് സഹിക്കില്ല. പ്രത്യേകിച്ചും കൂടുതൽ സ്നേഹവും പരി​ഗണനയും ഒക്കെ ആവശ്യമായി വരുന്ന, അർഹിക്കുന്ന ഓട്ടിസം ബാധിച്ച കുട്ടികളാണ് എങ്കിൽ. അതുപോലെ ഒരു അനുഭവം ഒരു പിതാവ് പങ്ക് വച്ചിരിക്കുകയാണ്. ഈ പിതാവ് തന്റെ മകന്റെ പിറന്നാളിന് അവന്റെ ക്ലാസിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും ക്ഷണിച്ചു. എന്നാൽ, ആ പാർട്ടിയിൽ പങ്കെടുത്തത് ഒരേയൊരു കുട്ടിയും അവന്റെ അമ്മയും മാത്രമാണ്.

മകൻ മാക്സിന്റെ ആറാം പിറന്നാളാഘോഷത്തിന് അവന്റെ ക്ലാസിലെ 19 കുട്ടികളെയും ക്ഷണിച്ചിരുന്നു അച്ഛനായ ഡേവിഡ് ഷെൻ. കാനഡയിലെ വാൻകൂവർ സ്വദേശിയാണ് ഷെൻ. എന്നാൽ, മകന്റെ സന്തോഷത്തിന് വേണ്ടി ഒരുക്കിയ ആ പാർട്ടി ഒടുവിൽ അച്ഛനെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്. പാർട്ടിയിൽ പങ്കെടുത്തത് ഒരേയൊരു കുട്ടി മാത്രം. മകന്റെ പിറന്നാൾ ആഘോഷിക്കുന്നതിനായി ഒരു ഇൻഡോർ പ്ലേ​ഗ്രൗണ്ട് തന്നെ അച്ഛൻ ഒരുക്കിയിരുന്നു. അത് ശൂന്യമായി കിടന്നു. ഒരേയൊരു സഹപാഠിയും അവന്റെ അമ്മയും മാത്രമാണ് പിറന്നാളിൽ പങ്കെടുക്കാൻ വേണ്ടി എത്തിയത്. ഒടുവിൽ അവനൊപ്പം ഒരു കേക്ക് മുറിച്ച് മാക്സ് പിറന്നാൾ ആഘോഷിച്ചു.

തനിക്കും മകനുമുണ്ടായ ദുരനുഭവത്തെ കുറിച്ച് ഡേവിഡ് ഷെൻ ട്വിറ്ററിൽ എഴുതി. താനെല്ലാവരേയും പിറന്നാളിന് ക്ഷണിച്ചിരുന്നു. ആരും വരാത്തത് മകന് വലിയ വേദനയായി എന്നും ഷെൻ പറയുന്നു. എന്നാൽ, അടുത്തിടെ ക്ലാസിലെ മറ്റൊരു കുട്ടിയുടെ പിറന്നാൾ ആഘോഷം നടന്നിരുന്നു. അന്ന് ക്ലാസിലെ 16 കുട്ടികളും പങ്കെടുത്തു എന്നും ഷെൻ പറയുന്നു. എന്നാൽ, അതേസമയം പിറന്നാളിന് ക്ഷണിച്ചു കൊണ്ടുള്ള ഇമെയിൽ തങ്ങൾക്ക് കിട്ടിയില്ല എന്നാണ് രക്ഷിതാക്കളുടെ വിശദീകരണം.

തന്റെ മകൻ അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചും ഷെൻ എഴുതി. അധികം വൈകാതെ ഷെന്നിന്റെ പോസ്റ്റ് വൈറലായി. മാക്സിന് അനവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേർന്നത്. ഒപ്പം നിരവധി പിറന്നാൾ ആഘോഷങ്ങൾക്കും ഫുട്ബോൾ മത്സരത്തിനും ഒക്കെ പങ്കെടുക്കാനുള്ള ക്ഷണവും മാക്സിന് കിട്ടി. ഒപ്പം, മെട്രോ വാന്‍കൂവര്‍ ട്രാന്‍സിറ്റ് പൊലീസും ഔദ്യോഗിക വാഹനത്തില്‍ റൈഡിന് പോകാൻ മാക്സിനെ ക്ഷണിച്ചിട്ടുണ്ട്. ഇതിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് മറ്റൊരു കുറിപ്പും ഡേവിഡ് ഷെൻ ട്വിറ്ററിൽ പങ്ക് വച്ചു.

Back to top button
error: