ലഖ്‌നൗ: വൈകിയെത്തിയ നീതി അനീതിയാണെന്നത് നിയമ വൃത്തങ്ങളിൽ പൊതുവേയുള്ള ചൊല്ലാണ്. എന്നാൽ, വൈകിയെത്തിയ വിധിയാണെങ്കിലോ, അതും കേസെടുത്ത് 30 വർഷം കഴിഞ്ഞ്! അത്തരത്തിലൊരു വാർത്തയാണ് ലഖ്‌നൗവിൽ നിന്ന് പുറത്തു വരുന്നത്. 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 30 വർഷത്തിനു ശേഷം വിധി പ്രഖ്യാപിച്ചിരിക്കുകയാണ് ലഖ്‌നൗ സ്‌പെഷ്യൽ കോടതി.
30 വർഷങ്ങൾക്ക് മുൻപ് നൂറു രൂപ കൈക്കൂലി വാങ്ങിയ കേസിൽ റിട്ട. റെയിൽവെ ജീവനക്കാരന് ഒരുവർഷം തടവുശിക്ഷയാണ് കോടത് വിധിച്ചത്. 82 വയസുകാരനായ രാം നാരായൺ വർമ എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവു വേണമെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളിയാണ് ലഖ്‌നൗ സ്‌പെഷ്യൽ കോടതിയുടെ വിധി.
ശിക്ഷയിളവ് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ഹർജി പരിഗണിച്ച ജഡ്ജ് അജയ് വിക്രം സിങ് പറഞ്ഞു. കേസിൽ പ്രതി നേരത്തെ രണ്ട് ദിവസം ജയിലിൽ കിടന്നിട്ടുണ്ടെന്ന വാദവും കോടതി അംഗീകരിച്ചില്ല. മെഡിക്കൽ പരിശോധന നടത്താൻ നോർത്തേൺ റെയിൽവെയിൽ ലോക്കോ പൈലറ്റായിരുന്ന രാം കുമാർ തിവാരി എന്ന വ്യക്തിയിൽ നിന്നും 150 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. നൂറു രൂപ നൽകിയ ശേഷം തിവാരി കേസ് നൽകുകയായിരുന്നു.1992 ലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.