KeralaNEWS

ആലപ്പുഴയില്‍ ദേശീയപാത വികസനത്തിന് നാലു ഹെക്ടര്‍ ഭൂമികൂടി ഏറ്റെടുക്കുന്നു; ത്രീഡി വിജ്ഞാപനം പുറത്തിറക്കി, ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാകുന്നു

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ ദേശീയ പാത വികസനം അതിവേഗം പുരോഗമിക്കുന്നു. ജില്ലയിലെ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയും നാലു ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കാനുള്ള ത്രീഡി വിജ്ഞാപനം പുറത്തിറക്കി. മുന്‍പ് ഏറ്റെടുത്തപ്പോള്‍ വിട്ടുപോയ ഭൂമിയാണിത്. ദേശീയപാത കടന്നു പോകുന്ന എല്ലാ വില്ലേജുകളിലും ഇത്തരത്തില്‍ ഭൂമി ഏറ്റെടുക്കാനുണ്ട്.

നിലവില്‍ ഏറ്റെടുത്ത ഭൂമിയുടെ ബാക്കിയായി ഏറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കുന്നതിന് പകരം വിലപേശി വാങ്ങാന്‍ ദേശീയപാത അതോറിറ്റിയെ നിയമം അനുവദിക്കുന്നുണ്ട്. അത്തരത്തില്‍ ഭൂമി എടുത്താല്‍ ജില്ലാ റവന്യു ഭൂമിയേറ്റെടുക്കല്‍ വിഭാഗത്തിന് അധികഭാരം ഉണ്ടാകില്ല. അല്ലെങ്കില്‍ ജീവനക്കാരുടെ കുറവ് ഭൂമിയേറ്റെടുക്കലിനെ ബാധിക്കും. സ്ഥലമേറ്റെടുപ്പ് വിഭാഗത്തില്‍ ജില്ലയില്‍ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരില്‍ പന്ത്രണ്ടിലേറെപ്പേര്‍ വിവിധ ജില്ലകളിലേക്ക് സ്ഥലം മാറിപ്പോയത് പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഓരോ തഹസില്‍ദാര്‍ ഓഫിസിലും ഓരോ റവന്യു ഇന്‍സ്‌പെക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ജില്ലയില്‍ ആകെ ഒരു റവന്യു ഇന്‍സ്‌പെക്ടര്‍ എന്ന നിലയിലെത്തി. ഡെപ്യൂട്ടി തഹസില്‍ദാര്‍, ക്ലര്‍ക്ക് തസ്തികകളിലും വലിയ കുറവുണ്ടായി.

സര്‍വേയിലെ പിഴവ് കാരണം ജില്ലയുടെ പല ഭാഗങ്ങളിലും ഇനിയും ഭൂമിയേറ്റെടുക്കേണ്ടതുണ്ട്. അതേസമയം, ജീവനക്കാരുടെ കുറവ് ഭൂമിയേറ്റെടുക്കൽ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഭൂമിയേറ്റെടുക്കല്‍ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ജീവനക്കാരുടെ കുറവ് ചര്‍ച്ചയായി. കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്ന് ജില്ലാ ഭൂമിയേറ്റെടുക്കല്‍ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ദേശീയപാത വികസനത്തിന്റെ ഭാഗമായി കാക്കാഴത്ത് പണിയുന്ന പുതിയ റെയില്‍വേ മേല്‍പാലത്തിന്റെ ടെസ്റ്റ് പൈല്‍ നടത്തി ഭാരപരിശോധന തുടങ്ങി. മണ്ണിന്റെ ഉറപ്പ് പരിശോധിക്കുന്നതിനാണ് ടെസ്റ്റ് പൈല്‍ നടത്തി ഭാരപരിശോധന നടത്തുന്നത്. കോണ്‍ക്രീറ്റ് കട്ടകള്‍ അടുക്കിവച്ചാണ് പരിശോധന. റെയില്‍പാത കടന്നു പോകുന്നതിന് മുകളിലായി 63.4 മീറ്റര്‍ നീളമുള്ള സ്പാനാണ് നിര്‍മിക്കുന്നത്.

ഇതിനെ സമീപന പാതയുമായി ബന്ധിപ്പിച്ച് വടക്കു ഭാഗത്ത് 22 മീറ്റര്‍ നീളമുള്ള എട്ട് സ്പാനുകളും തെക്കു ഭാഗത്ത് 22 മീറ്റര്‍ നീളമുള്ള അഞ്ചു സ്പാനുകളും ഉണ്ടാകും. തെക്കുഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തിയ റോഡിലേക്കാകും റെയില്‍വേ മേല്‍പാലം വന്നു ചേരുക. അമ്പലപ്പുഴ ജങ്ഷനില്‍ 35 മീറ്റര്‍ നീളമുള്ള സ്പാനോട് കൂടിയ അടിപ്പാതയും നിര്‍മിക്കുന്നുണ്ട്.

Back to top button
error: