Breaking NewsNEWSWorld

തുര്‍ക്കിയിലും സിറിയയിലും വമ്പന്‍ ഭൂകമ്പം; മരണം 100 കവിഞ്ഞു, റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത് 7.8 തീവ്രത

ഈസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

തുര്‍ക്കിയില്‍ 53 പേരും സിറിയയില്‍ 42 പേരും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 420 പേര്‍ക്കു പരുക്കേറ്റതായും 140 കെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കുമെന്നാണ് വിവരം.

Signature-ad

 

സിറിയയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ കുറഞ്ഞത് 42 പേര്‍ മരിച്ചുവെന്ന് ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. 200 പേര്‍ക്ക് പരുക്കേറ്റു. അലപ്പോ, ഹാമ, ലറ്റാകിയ എന്നിവിടങ്ങളെയാണ് ഭൂകമ്പം ബാധിച്ചത്.

പ്രാദേശിക സമയം പുലര്‍ച്ചെ 4.17 നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായത്. ഞെട്ടിയുണര്‍ന്ന ആളുകള്‍ പരിഭ്രാന്തരായി പരക്കം പായുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തകര്‍ന്നുവീണ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സിറിയയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തെക്ക്-കിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ 17.9 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

 

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായി. തുര്‍ക്കിയിലെ പത്ത് നഗരങ്ങളെ ഭൂചലനം ബാധിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

 

Back to top button
error: