BusinessKeralaNEWSTRENDING

വ്യവസായ നയത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ മാലിന്യസംസ്‌കരണ സംരഭങ്ങള്‍ക്കും ബാധകമെന്ന് മന്ത്രി പി. രാജീവ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ നയത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും മാലിന്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്കും ബാധകമാണെന്ന് മന്ത്രി പി. രാജീവ്. ഈ സംരംഭങ്ങള്‍ വ്യവസായമാണെന്ന കാഴ്ചപ്പാടിന് അനുസൃതമായ സമീപനം തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇന്നവേറ്റേഴ്‌സ് ആന്റ് യങ് എന്റര്‍പ്രണേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നവകേരളസൃഷ്ടിക്ക് സഹായമാകുന്ന മാറ്റങ്ങള്‍ക്ക് തുടക്കമാണ് മാലിന്യസംസ്‌കരണ മേഖലയില്‍ പുതിയ കാഴ്ചപ്പാടുകളിലേക്ക് വാതില്‍ തുറക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോ. ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രഖ്യാപനങ്ങളും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിനാവശ്യമായ പരിസരമൊരുക്കേണ്ടത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ്. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റെ കണ്ണടയുമായി സംരംഭകരെ സമീപിക്കണമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായങ്ങളില്‍ യന്ത്രസാമഗ്രികളില്‍ ചുമത്തുന്ന 18 ശതമാനം നികുതിയില്‍ സംസ്ഥാനത്തിന്റെ വിഹിതമായ 9 ശതമാനം സംരംഭകന് തിരികെ നല്‍കുന്ന നയം മാലിന്യ സംസ്‌കരണ സംരംഭങ്ങള്‍ക്കും ബാധകമാണ്. മൂലധന സബ്‌സിഡിയും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷൻ ഡോ. വി.കെ. രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മാലിന്യ സംസ്‌കരണം സംബന്ധിച്ച ധവളപത്രം തദ്ദേശ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫിന് നല്‍കി മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു.

മാലിന്യനീക്കത്തിന് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഹോളോഗ്രാം കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്കും നവകേരളം വൃത്തിയുള്ള കേരളം കര്‍മപദ്ധതി ശുചിത്വമിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കറും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഓണ്‍ലൈനില്‍ സമ്മേളന പ്രതിനിധികളുമായി സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാര്‍, ശരത് വി. രാജ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: