തൃശൂര്‍: ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ പീഡിപ്പിച്ച താത്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയിലെ താത്കാലിക ഇലക്ട്രീഷ്യന് ശ്രീനാരായണപുരം ആല സ്വദേശി ദയാലാലിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കയ്പമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായത്. അനാഥയായ യുവതിയുടെ ഭർത്താവ് വിദേശത്താണ്. അത്യാസന്ന നിലയില്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. യുവതിയെ കൊണ്ടുപോയ ആംബുലന്‍സില്‍ ബന്ധുവെന്ന വ്യാജേന ദയലാലും കയറിക്കൂടി. തുടര്‍ന്ന് അര്‍ധ അബോധാവസ്ഥയിലായ യുവതിയെ ആംബുലന്‍സിനുള്ളിലും മെഡിക്കല്‍ കോളജിലെത്തിയ ശേഷവും ലൈംഗീഗഅതിക്രമത്തിന് ഇരയാക്കി.
ബോധം തിരികെ വന്ന പെണ്‍കുട്ടി മറ്റ് രോഗികളുടെ ബന്ധുക്കളോടും നഴ്സിനോടും പീഡനം നടന്ന വിവരം പറയുകയും ഇവര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതറിഞ്ഞ ഉടന്‍ ദയാലാല്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി. കൊടുങ്ങല്ലൂരില്‍ മടങ്ങിയെത്തിയ ദയാലാലിനെ കഴിഞ്ഞ ദിവസം വൈകിട്ട് കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളജ് പോലീസിന് കൈമാറി. ഇന്ന് ഉച്ചകഴിഞ്ഞ് കോടതിയില്‍ ഹാജരാക്കും.
അതിനിടെ, ദയാലാലിനെ രക്ഷപ്പെടുത്താന്‍ താലൂക്ക് ആശുപത്രിയിലെ ചിലര്‍ ശ്രമിച്ചതായി ആരോപണവും ഉയര്‍ന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.