മുഷാറഫിന്റെ ജനനം ഡൽഹിയിൽ; പാകിസ്താൻ മുൻ പ്രസിഡന്റിന്റെ സ്മരണയില്‍ ദര്യാഗഞ്ചിലെ കുടുംബവസതി
ന്യൂഡല്‍ഹി: എക്കാലവും ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചെങ്കിലും പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫിന്റെ കുടുംബവേരുകള്‍ ചെന്നെത്തുന്നത് ഡല്‍ഹിയിലാണ്. 1943-ല്‍ ഓള്‍ഡ് ഡല്‍ഹിയിലെ ദര്യാഗഞ്ചിലാണു മുഷാറഫിന്റെ ജനനം. നാലു വയസുവരെ ജീവിച്ചതും അവിടെത്തന്നെ. നഹര്‍വാലി ഹവേലിയിലെ മുഷാറഫിന്റെ കുടുംബ വീടിന്റെ ചെറിയ ചില അവശേഷിപ്പുകള്‍ മാത്രമാണ് ഇന്നവിടെയുള്ളത്. കാലപ്പഴക്കം കാരണവും മറ്റുപല കാരണങ്ങള്‍കൊണ്ടും വലിയ കുടുംബവീടിന്റെ പല ഭാഗങ്ങളും പൊളിച്ചു നീക്കി.
അവസാന മുഗള്‍രാജാവായിരുന്ന ബഹദൂര്‍ ഷാ സഫറിന്റെ കാലത്ത് മന്ത്രിമന്ദിരമായിരുന്ന കെട്ടിടം ബ്രിട്ടീഷ് ഭരണകാലത്താണ് മുഷറഫിന്റെ മുത്തച്ഛന്‍ വാങ്ങിയത്. പഞ്ചാബ് കമ്മിഷണറായി വിരമിച്ചതിനെത്തുടര്‍ന്നാണ് വിശ്രമജീവിതം നയിക്കാനായി മുഷറഫിന്റെ മുത്തച്ഛന്‍ ഖാസി മൊഹ്താഷിമുദ്ദീന്‍ നഹര്‍വാലി ഹവേലി വാങ്ങിയത്. ഇന്ത്യ വിഭജനം വരെ മുഷാറഫിന്റെ കുടുംബം താമസിച്ചത് ആ വീട്ടിലാണ്. വിഭജനത്തെത്തുടര്‍ന്ന് പാകിസ്താനിലേക്കു കുടുംബസമേതം പാകിസ്താനിലേക്കു കുടിയേറി. പിന്നീട് ഈ വീട് വസ്ത്രവ്യാപാരിയായ മദന്‍ലാല്‍ ജെയിനു വിറ്റു. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇന്ന് അവിടെ താമസിക്കുന്നത്. പാക് പ്രസിഡന്റായിരിക്കെ 2001-ല്‍ മുഷാറഫ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ നഹര്‍വാലി ഹവേലിയും സന്ദര്‍ശിച്ചിരുന്നു.