കുളമാവ്: കേരളത്തെയാകെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രചാരണ പരിപാടിയായ “വലിച്ചെറിയല്‍ വിമുക്ത കേരളം” അറക്കുളം പഞ്ചായത്തിലും തുടക്കം കുറിച്ചു. സന്ദര്‍ശകരും വാഹനയാത്രികരുമെല്ലാം വലിച്ചെറിഞ്ഞ പല വിധ മാലിന്യങ്ങളാല്‍ വൃത്തിഹീനമായ കുളമാവ് ഡാം ടോപ്പും പരിസരവും വൃത്തിയാക്കുന്നതിനാണ് പഞ്ചായത്ത് തുടക്കമിട്ടത്. ഹരിത കർമ സേനയുടെ നേതൃത്വത്തിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ കൊണ്ട് സമ്പൂര്‍ണമായി ഈ പരിസരമാകെ വൃത്തിയാക്കും.
സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ഡാം സുരക്ഷാ അതോറിറ്റി ഈ ഭാഗത്തെ കടകള്‍ നീക്കിയിരുന്നു. ഇവിടെ ഇപ്പോള്‍ വാഹനങ്ങള്‍ യഥേഷ്ടം പാര്‍ക്ക് ചെയ്യുന്നതിന് സൗകര്യമുണ്ട്. അതിനാല്‍ ഇവിടെയെത്തുന്ന വാഹനങ്ങളിലെയാളുകള് പ്ലാസ്റ്റിക്കും കുപ്പികളും ഡിസ്പോസിബിളുകളുമെല്ലാം യഥേഷ്ടം ഇവിടെ വലിച്ചെറിയുകയാണ്. എതിര്‍ഭാഗത്ത് കട നടത്തുന്നവരാകട്ടെ മാലിന്യ പരിപാലനത്തിന് യാതൊരു പ്രാധാന്യവും നല്‍കുന്നുമില്ല. ഇതാണ് ഈ പരിസരമാകെ വൃത്തിഹീനമാകാന്‍ ഇടയാക്കുന്നത്. ഇവിടം വലിച്ചെറിയല്‍ മുക്തമായി നിലനിര്‍ത്തുന്നതിന് ഡാം സുരക്ഷാ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, വനംവകുപ്പ്, പഞ്ചായത്ത് എന്നിവയുടെ കൂട്ടായ്മയുണ്ടാക്കുമെന്ന് കാമ്പയിന് ഉദ്ഘാടനം ചെയ്ത പഞ്ചായാത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. ഇതിനായി അടുത്ത ദിവസം തന്നെ പഞ്ചായത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കും. പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത തുളസീധരന്‍,പഞ്ചായത്ത് സെക്രട്ടറി വിനുകുമാര്‍,അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു ബി. നായര്‍, ഡാം സേഫ്ടി അതോറിറ്റി ഉദ്യോഗസ്ഥര്‍,നവകേരളം- ശുചിത്വമിഷന് പ്രതിനിധികള്‍ , ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.