തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി നടപ്പാക്കി വിജയിച്ച യാത്രാ ഫ്യൂവല്‍സ് പദ്ധതി ഇനി വികാസ് ഭവനിലും. കെ.എസ്.ആര്‍.ടി.സി. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്‌ലൈറ്റാണ് വികാസ് ഭവനിലേത്. നേരത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 12 ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ ആരംഭിച്ചിരുന്നു. വികാസ് ഭവന്‍ഡിപ്പോയിലെ ഔട്ട്‌ലെറ്റ് ഇന്നു വൈകിട്ട് അഞ്ചിന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
കെ.എസ്.ആര്‍.ടി.സിയുടെ 93 ഡിപ്പോകളില്‍ 72 ഇടങ്ങളില്‍ ബസുകള്‍ക്കു ഡീസല്‍ ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവ കെ.എസ്.ആര്‍.ടി.സിയുടെ ഉപയോഗത്തിനു വേണ്ടി മാത്രം സ്ഥാപിച്ചിട്ടുള്ളതിനാല്‍ ഈ പമ്പുകളില്‍നിന്നു പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. ഈ പമ്പുകള്‍ നിലനിന്നിരുന്ന സ്ഥലത്ത് വാണിജ്യ പ്രാധാന്യമുള്ള അമ്പതോളം സ്ഥലങ്ങളില്‍ ഇന്ധന ചില്ലറ വില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. യാത്രാ ഫ്യുവല്‍സ് സ്ഥാപിച്ച ശേഷം 2021 സെപ്റ്റംബര്‍ മുതല്‍ 2022 ഡിസംബര്‍ വരെ ഏകദേശം 115 കോടി രൂപയുടെ വിറ്റുവരവ് നടത്തുകയും 3.43 കോടി രൂപയുടെ കമ്മീഷന്‍ കെ.എസ്.ആര്‍.ടി.സിക്കു ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യുവല്‍സ് കേരളത്തിലെ ഏറ്റവും വലിയ പെട്രോളിയം ഡീലറാണ്. വികാസ്ഭവന്‍ ഡിപ്പോയിലെ യാത്രാ ഫ്യൂവല്‍ ഔട്ട്‌ലെറ്റ് തിരുവനന്തപുരം സിറ്റിയിലെ രണ്ടാമത്തേതും ജില്ലയിലെ മൂന്നാമത്തേതുമാണ്. കൂടുതല്‍ ഫ്യൂവല്‍ ഔട്ട്‌ലെറ്റുകള്‍ ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാകും.