
കോട്ടയം: ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും ശാരീരികവും മാനസികവുമായ ഉല്ലാസത്തിനും വേണ്ടി എല്ലാവർഷവും നടത്തിവരുന്ന ജില്ലാ പോലീസ് ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. മീറ്റിന്റെ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് 5 മണിക്ക് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്നു. സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

സ്പോർട്സ് മീറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ, വടംവലി മത്സരങ്ങളിൽ കോട്ടയം ഹെഡ് ക്വാർട്ടേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വടംവലി മത്സരത്തിൽ കാഞ്ഞിരപ്പള്ളി സബ് ഡിവിഷനാണ് ഒന്നാം സ്ഥാനം.






