CrimeNEWS

വാഹന പരിശോധനയ്ക്കിടെ വനംവകുപ്പ് ചെക് പോസ്റ്റില്‍ അതിക്രമം, ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനം: രണ്ടു സി.പി.എം. പ്രവർത്തകർ അറസ്റ്റില്‍

പമ്പ: വനംവകുപ്പിന്റെ ചെക് പോസ്റ്റില്‍ അതിക്രമം നടത്തുകയും ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും ചെയ്ത രണ്ടു പേര്‍ അറസ്റ്റില്‍. സി.ഐ.ടി.യു നേതാവും അട്ടത്തോട് സ്വദേശിയുമായ രജിത്ത്, സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനും പെരുനാട് സ്വദേശിയുമായ സതീശന്‍ എന്നിവരാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായത്. ചെക്‌പോസ്റ്റില്‍ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ശനിയാഴ്ച രാത്രി 7. 45 നാണ് കേസിനാസ്പദമായ സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിലാണ് അറസ്റ്റ്.

പാര്‍ട്ടിയുടെ കമ്മറ്റി കഴിഞ്ഞ് തുലാപ്പള്ളിയില്‍ നിന്നും ടാക്‌സി വാഹനത്തില്‍ ഏതാനും സി.പി.എം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് രജിത്തും സതീശനും വന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പറയുന്നു. ശബരിമല പാതയില്‍ പ്ലാപ്പള്ളി ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയില്‍ വരുന്ന ഇലവുങ്കല്‍ ചെക്ക് പോസ്റ്റില്‍ വച്ച് വാഹനം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ നിസാമുദ്ദീന്‍, ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഡ്രൈവര്‍ വാഹനം തുറന്നു കൊടുത്ത് പരിശോധനയുമായി സഹകരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റുളളവര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ പ്രതികള്‍ രണ്ടു പേരും ചേര്‍ന്ന് ബീറ്റ് ഫോറസ്റ്റര്‍മാരെ അസഭ്യം വിളിക്കുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.

Signature-ad

ഞായറാഴ്ച രാവിലെ വനംവകുപ്പ് ജീവനക്കാര്‍ പമ്പ സ്‌റ്റേഷനില്‍ കൈയേറ്റ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി. തുടര്‍ന്ന് ഇവരുടെ മൊഴിയെടുത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. വൈകുന്നേരത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Back to top button
error: