കാസര്‍കോട്: നിയമം ലംഘിച്ച് ലേസര്‍, എല്‍ഇഡി ലൈറ്റുകളും പ്രത്യേക ജനറേറ്ററും ഘടിപ്പിച്ച് ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മാനന്തവാടിയില്‍ രജിസ്റ്റര്‍ ചെയ്ത മല്ലൂ സിംഗ് എന്ന ബസാണ് കാസര്‍കോട് വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ബസിന്റെ ഫിറ്റ്‌നസ് താത്കാലികമായി റദ്ദാക്കി.
വയനാട് കല്‍പറ്റ എന്‍എംഎസ്എം ഗവ. കോളജിലെ വിദ്യാര്‍ഥികള്‍ ഗോവയിലേക്ക് വിനോദയാത്ര പോകുമ്പോഴാണ് കാസര്‍കോട് വച്ച് ബസ് പിടികൂടിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പതിവ് രാത്രി പരിശോധനയ്ക്കിടെയാണ് ലേസര്‍, എല്‍ഇഡി ലൈറ്റുകളുമായി വന്ന ബസില്‍ നിയമ ലംഘനം കണ്ടെത്തിയത്.
‘ബസില്‍ പ്രത്യേക ജനറേറ്ററും ഘടിപ്പിച്ചിരുന്നു. വിനോദയാത്ര പോകാനായി ആര്‍ടിഒയില്‍ നിന്നുള്ള യാത്രാ അനുമതിയും വാഹനത്തിന് ഉണ്ടായിരുന്നില്ല. ബസ് വയനാട് സ്വദേശി ജിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ്. വാഹനത്തിനെതിരെ നടപടിയെടുത്തതോടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ സൗകര്യം ലഭ്യമാക്കാന്‍ നടപടിയെടുത്തു,’ ഉദ്യോഗസ്ഥർ പറഞ്ഞു.
വിനോദയാത്ര റദ്ദാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് തിരിച്ചുപോയി. ആര്‍ടിഒയില്‍ നിന്നുള്ള അനുമതി അടക്കമുള്ളവ ഉണ്ടോയെന്ന് വിനോദ യാത്ര പുറപ്പെടുന്നതിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപന അധികൃതര്‍ പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.