KeralaNEWS

അന്താരാഷ്ട്ര നാടകോത്സവത്തിനു തൃശൂരിൽ തുടക്കം; നാടകം മനുഷ്യരെ ഒന്നിപ്പിക്കുന്ന സമരഭൂമിയെന്നു മുഖ്യമന്ത്രി

തൃശൂര്‍: പകയുടെയും വെറുപ്പിന്റെയും ഇരുണ്ടുതുടങ്ങുന്ന ഇന്ത്യയുടെ വര്‍ത്തമാനകാല അന്തരീക്ഷത്തില്‍ മനുഷ്യരെ ഒന്നിപ്പിക്കാനുള്ള മഹത്തായ സമരഭൂമിയായി നാടകം മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നിക്കണം മാനവികത എന്ന പ്രമേയത്തില്‍ തൃശൂരില്‍ നടക്കുന്ന പതിമൂന്നാമത് ഇറ്റ്‌ഫോക്- അന്താരാഷ്ട്ര നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ കുതിപ്പിനും മുന്നേറ്റത്തിനും നമ്മുടെ നാടകവേദി നല്‍കിയ മഹത്തായ സംഭാവനകള്‍ ഒരിക്കലും മറക്കാനാവാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തെവിടെയും എന്നതുപോലെ നാടിന്റെ മാറ്റത്തിനു വേണ്ടിയാണ് നമ്മുടെ നാടകങ്ങളും പൊരുതിയിട്ടുള്ളത്. കേരളത്തിന്റെ നവോഥാന സംസ്‌കാരം ശക്തിപ്പെടുത്തുന്നതില്‍ അവ നിര്‍ണായക പങ്കുവഹിച്ചു. ഇറ്റ്‌ഫോക് അന്താരാഷ്ട്ര നാടകോത്സവം രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. നാടകത്തിനും കലാകാരന്മാര്‍ക്കും ചരിത്രത്തിലെ ഏറ്റവും വലിയ പിന്തുണയും അംഗീകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നത്. അത് ഇനിയും തുടരും. ഇന്ത്യയിലെ പ്രശസ്തമായ പല നാടകോത്സവങ്ങളും നിലച്ചുപോയപ്പോഴും ഇറ്റ്‌ഫോക് പൂര്‍വാധികം കരുത്തോടെ നടത്തുന്നത് അതുകൊണ്ടാണ്. നവീകരിച്ച നടന്‍ മുരളിയുടെ പേരിലുള്ള ആക്ടര്‍ മുരളി തിയേറ്ററിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Signature-ad

വിവിധ കലാസമന്വയത്തിലൂടെ 15 ദിവസം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര സാംസ്‌കാരിക ഉത്സവത്തിന് അടുത്ത വര്‍ഷം തൃശൂര്‍ വേദിയാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പ്രഖ്യാപിച്ചു. സംഗീത നാടക അക്കാദമി, ലളിത കലാ അക്കാമദി, സാഹിത്യ അക്കാദമി, കലാമണ്ഡലം തുടങ്ങിയവയുടെ സഹകരണത്തോടെ നാടകം, സംഗീതം, സിനിമ, സാഹിത്യം തുടങ്ങിയവയെ സംയോജിപ്പിച്ചാണ് അന്താരാഷ്ട്ര ഉത്സവം സംഘടിപ്പിക്കുക. അതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമൂഹിക നവോഥാനം നാടകങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. നരബലി പോലെയുള്ള അനാചാരങ്ങള്‍ സമൂഹത്തില്‍ ശക്തിപ്രാപിക്കുമ്പോള്‍ നാടകങ്ങള്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികളിലൂടെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ ഇന്നലെകളെ പുരോഗമനപരമാക്കി മാറ്റിയതില്‍ നാടകങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

പാലസ് ഗ്രൗണ്ടിലെ പവലിയന്‍ തിയ്യറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം പ്രകാശ് രാജ് മുഖ്യാതിഥിയായി. മന്ത്രി കെ. രാജന്‍ ഇറ്റ്‌ഫോക് ബുള്ളറ്റിന്‍ സെക്കന്റ് ബെല്‍ സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ പി.ആര്‍. പുഷ്പവതിക്ക് നല്‍കി പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ടിഷര്‍ട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പ്രകാശനം ചെയ്തു. ജില്ലാ കലക്ടര്‍ ഹരിത വി. കുമാര്‍ ഏറ്റുവാങ്ങി. മന്ത്രി ഡോ. ആര്‍. ബിന്ദു ഫെസ്റ്റിവല്‍ ബാഗ് പി. ബാലചന്ദ്രന്‍ എം.എല്‍.എയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയ്തു. മേയര്‍ എം.കെ. വര്‍ഗീസ് പുസ്തകം ഏറ്റുവാങ്ങി.

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ആമുഖപ്രഭാഷണം നടത്തി. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ഫെസ്റ്റിവല്‍ ഡയറക്ടറേറ്റ് അംഗങ്ങളായ അനുരാധ കപൂര്‍, ബി. അനന്തകൃഷ്ണന്‍, ദീപന്‍ ശിവരാമന്‍, നിര്‍വാഹക സമിതി അംഗം ജോണ്‍ ഫെര്‍ണാണ്ടസ്, തായ്‌വാന്‍ എംബസി പ്രതിനിധി റോബര്‍ട്ട് സീഹ്, ആലിസണ്‍ ചാവോ, തായ്‌വാന്‍ എംബസി സെക്രട്ടറി ഉണ്ണിമായ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: