CrimeNEWS

മൂന്നാറില്‍ വീണ്ടും ശൈശവവിവാഹം, പെണ്‍കുട്ടി ഗര്‍ഭിണിയായി, യുവാവിനെതിരെ പോക്സോ നിയമപ്രകാരം കേസ്

മൂന്നാർ: ഇടുക്കി മൂന്നാറില്‍ വീണ്ടും ശൈശവവിവാഹം. ഇരുപത്താറുകാരന്‍ പതിനേഴുകാരിയെ വിവാഹം ചെയ്തതാണ് വിവാദമായത്. പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ചേര്‍ന്നാണ് വിവാഹം നടത്തിയത്. പെൺകുട്ടി ഗർഭിണിയതോടെയാണു വിവരം പുറത്തറിഞ്ഞത്. വരനെതിരെ പോക്‌സോ നിയമപ്രകാരവും അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവും ദേവികുളം പൊലീസ് കേസെടുത്തിട്ടുണ്ട്. 2022 ജൂലൈയിലാണ് ഇരുവരുടെയും വിവാഹം നടന്നത്.

കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ ഗ്രഹാംസ് ലാന്‍ഡ് ഡിവിഷനില്‍ മണിമാരനെതിരെയാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തത്. എസ്റ്റേറ്റിലെ താല്‍ക്കാലിക തൊഴിലാളിയാണ്. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായതാണെന്നു വിശ്വസിപ്പിച്ചാണ് അമ്മയും ബന്ധുക്കളും ചേര്‍ന്നു വിവാഹം നടത്തിയതെന്നു പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഒരു മാസം മുന്‍പാണു വിവരം പൊലീസ് അറിഞ്ഞത്.

Signature-ad

വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനു മുന്നില്‍ ഹാജരാക്കിയ ശേഷം അമ്മയോടൊപ്പം അയച്ചു. ഇതിനു ശേഷം പൊലീസ് നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണു പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയായില്ലെന്നു തെളിഞ്ഞത്. തുടര്‍ന്നാണ് വെള്ളിയാഴ്ച യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തത്. യുവാവ് ഒളിവിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ദേവികുളം എസ്എച്ച്ഒ എസ് ശിവലാല്‍ പറഞ്ഞു.

രണ്ടാഴ്ച മുന്‍പാണ് ഇടമലക്കുടി പഞ്ചായത്തില്‍ നാല്‍പത്തേഴുകാരന്‍ പതിനേഴുകാരിയെ വിവാഹം കഴിച്ചത്. ഈ സംഭവത്തിൽ കേസെടുത്തതോടെ ഒളിവിൽ പോയ 47 വയസുകാരനായി മൂന്നാര്‍ പൊലീസ് അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു. ഇയാള്‍ക്കും പെണ്‍കുട്ടിയും മാതാപിതാക്കള്‍ക്കുമെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇടമലകുടിയിലെ പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹതിനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാൻ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പോക്സോ ജുവനൈല്‍ ജസ്റ്റിസ് എന്നി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നതെന്ന് പോലീസിന് വ്യക്തായിട്ടുണ്ട്. ഇവര്‍ക്കെതിരെയും കേസെടുത്തു. വരന്‍ തമിഴ്നാട്ടിലേക്ക് കടന്നെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മൊബൈള്‍ ടവറും തമിഴ്നാടാണ് കാണിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ തമിഴ്നാട്ട് പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.

അതേസമയം, നടന്ന വിവാഹം അസാധുവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ശിശു ക്ഷേമ സമിതി ആവശ്യമുന്നയിച്ചിരുന്നു. എങ്കിലും ഇതിൽ നേരിടുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഗോത്രവർഗ്ഗ സംസ്കാരമനുസരിച്ച് പുടവ കൈമാറുന്നതോടെ വിവാഹ ചടങ്ങുകൾ പൂർത്തിയാകാറാണ് പതിവ്. സർക്കാർ രജിസ്റ്ററുകളിൽ പലപ്പോഴും ഇത്തരം വിവാഹങ്ങൾ പതിവു പോലും ചെയ്യാത്ത സാഹചര്യങ്ങളുണ്ട്. ഇടമലക്കുടിയിൽ നടന്ന വിവാഹവും ഗോത്രാചാര പ്രകാരം പുടവ കൈമാറ്റമായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിന് ഏറെ പ്രതിബന്ധങ്ങൾ നിലനിൽക്കുന്നുണ്ട്.

Back to top button
error: