ചെന്നൈ: തമിഴ്നാട്ടിൽ തൈപ്പൂയം ആഘോഷത്തോടനുബന്ധിച്ച് സൗജന്യ സാരി വിതരണം ചെയ്യുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്ക്. തിരുപ്പത്തൂർ ജില്ലയിലെ വാണിയമ്പാടിക്കു സമീപമാണ് അപകടം. ഉത്സവത്തിന് സ്വകാര്യ വ്യക്തിയാണ് സൗജന്യ സാരി വിതരണം സംഘടിപ്പിച്ചത്.
തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. തൈപ്പൂയം ആഘോ ആഘോഷങ്ങളുടെ ഭാഗമായി തമിഴ്നാട്ടിൽ ഇത്തരത്തിൽ വസ്ത്ര വിതരണം നടക്കാറുണ്ട്. ടോക്കണ്‍ കൊടുക്കുന്നതിനിടെ തിക്കും തിരക്കുമുണ്ടായതിന് പിന്നാലെ നിരവധിപ്പേര്‍ ബോധംകെട്ടു വീണു. പലർക്കും പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപിച്ചു. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചു. തിരക്ക് നിയന്ത്രിക്കാൻ യാതൊരു സംവിധാനവും ഒരുക്കാതെ അനുമതിയില്ലാതെയായിരുന്നു സാരി വിതരണമെന്ന് ആരോപണമുണ്ട്.