മുംബൈ: പോർച്ചുഗലിൽനിന്ന് സംഘടിപ്പിച്ച വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ലോകം ചുറ്റിക്കറങ്ങിയ ഗുജറാത്തി യുവാവ് ഒടുവിൽ പിടിയിലായി. ഗുജറാത്തിലെ ഖേഡ ജില്ലക്കാരനായ 32 വയസുകാരൻ മുജീബ് ഹുസൈൻ കാസിയാണ് പിടിയിലായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോർച്ചുഗലിന്‍റെ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാൾ മൂന്ന് രാജ്യങ്ങളിലാണ് ചുറ്റിക്കറങ്ങിയത്.
2010 ൽ സ്റ്റുഡന്‍റ് വിസയിൽ താൻ ബ്രിട്ടനിലേക്ക്പോയെന്നും വിസയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നുവെന്നും കാസി പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് 2018-ൽ പോർച്ചുഗലിലേക്ക് പോയി. അവിടെനിന്നും ഒരു ഏജന്‍റ് മുഖേന വ്യാജ പാസ്‌പോർട്ട് നേടി. ഈ പാസ്‌പോർട്ട് ഉപയോഗിച്ച് ഒരു ഇന്ത്യൻ എൻട്രി വിസ നേടി, ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഇന്ത്യയിലെത്തുകയും ചെയ്തു. ഇതിനിടെ ഇയാള്‍ ഫ്രാന്‍സിലേക്കും പോയിരുന്നു.
വ്യാജ അഡ്രസ് നല്‍കി 2018 -ല്‍ തന്നെ ഇയാള്‍ വ്യാജ പാസ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 2019, 2020, 2022 വർഷങ്ങളിൽ ഓരോ തവണ വീതം ഇയാള്‍ ഇന്ത്യയിലേക്ക് വന്നിട്ടുണ്ട്. കൂടാതെ ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കും പോയിട്ടുണ്ട്. അവിടെ നിന്ന് പാരീസിലേക്കും ഇയാള്‍ ഈ വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, 1937 ലെ പാസ്‌പോർട്ട് ആക്‌ട് പ്രകാരം വ്യാജ രേഖയുടെ സത്യസന്ധമല്ലാത്ത ഉപയോഗം, കൂടാതെ പാസ്‌പോർട്ട് ലഭിക്കുന്നതിന് തെറ്റായ വിവരങ്ങൾ നൽകല്‍ എന്നിങ്ങനെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. കൂടാതെ ഇയാളുടെ യാത്രാ പദ്ധതികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ യുകെ, ഫ്രാന്‍സ്, പോര്‍ചുഗൽ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.