LocalNEWS

തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്നു; പ്രതിരോധവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അതിഥി തൊഴിലാളികൾക്കിടയിൽ മന്തുരോഗം പടരുന്ന റിപ്പോർട്ടുകൾക്കു പിന്നാലെ പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിലാണ് മന്ത് രോഗം പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.

രണ്ടാഴ്ച മുമ്പ് 50 അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റു അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമില്ല. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ലേബർ ക്യാമ്പുകളിൽ തുടർന്നാൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇതോടെയാണ് അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ആറു സ്ഥലങ്ങളിലാണ് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ എ. സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ സംയുക്തമായി പരിശോധന നടത്തിയത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: