KeralaNEWS

എൻ.ഐ.എ അറസ്റ്റ് ചെയ്ത എസ്.ഡി.പി.ഐ. നഗരസഭാംഗത്തിന് അവധി അനുവദിക്കാൻ കോൺഗ്രസ്, മുസ്ലിംലീഗ് പിന്തുണ; ഈരാറ്റുപേട്ടയിൽ രാഷ്ട്രീയ വിവാദം

കോട്ടയം: എൻഐഎ അറസ്റ്റ് ചെയ്ത ഈരാറ്റുപേട്ട നഗരസഭയിലെ എസ്ഡിപിഐ അംഗത്തിന് അവധി അനുവദിക്കാൻ യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ് ഒരാൾ ഒഴികെ മുഴുവൻ യുഡിഎഫ് നഗരസഭാംഗങ്ങളും പിന്തുണച്ചത്. അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഎഫ് പിന്തുണ. എന്നാൽ 27 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

മുൻകാല പ്രാബല്യത്തോടെ അൻസാരിക്ക് അവധി അനുവദിക്കണമെന്ന പ്രമേയം കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്. മുസ്ലിംലീഗിലെ മുതിർന്ന അംഗം പി.എം അബ്ദുൽ ഖാദർ ഇതിനെ പിന്തുണച്ചു. അവധി അപേക്ഷാ ആവശ്യത്തെ യുഡിഎഫ് പിന്തുണച്ചു എന്നാണ് എൽഡിഎഫ് ആരോപണം. എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണ് ഉണ്ടായതെന്നാണ് യുഡിഎഫ് വിശദീകരണം.

തീവ്രവാദ ബന്ധം ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന രാജ്യവ്യാപക റെയ്ഡിന്റെ ഭാഗമായാണ് അൻസാരിയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഐഎസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻഐഎ സത്യവാങ്മൂലം നല്‍കിയിരുന്നു. പ്രതികൾ ഐ.എസ് പ്രവർത്തനത്തിന് സഹായം ചെയ്തുവെന്നും ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്നാണ് എൻ.ഐ.എ കോടതിയെ അറിയിച്ചത്. വലിയ തയ്യാറെടുപ്പിനൊടുവിലാണ് എന്‍ ഐ എ സംസ്ഥാന വ്യാപക റെയ്ഡ് നടത്തിയത്. കൊല്ലം, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, പാലക്കാട്, വയനാട് പത്തനംതിട്ട, കാസര്‍ഗോഡ് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും റെയ്ഡ്. നിരവധി രേഖകളും നോട്ടിസുകളും ലാപ് ടോപ്പുകളും കംപ്യൂട്ടറുകളടക്കമുള്ളവ എന്‍ഐഎ പിടിച്ചെടുത്തിരുന്നു.

Back to top button
error: