
കൊച്ചി: ഹർത്താൽ നഷ്ടം ഈടാക്കാനായി ജപ്തി ചെയ്തത് പോപ്പുലർ ഫ്രണ്ട് ബന്ധമില്ലാത്ത 18 പേരുടെ സ്വത്ത്, ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി ഉത്തരവ്. പിഎഫ്ഐ ഹർത്താൽ ആക്രമണങ്ങളുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലാണ് കോടതി ഇടപെടൽ. തെറ്റായി നടപടികൾ നേരിട്ട പിഎഫ്ഐ ബന്ധമില്ലാത്ത 18 പേരെ പട്ടികയിൽനിന്നും ഒഴിവാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
ഇത്തരത്തിൽ തെറ്റായി ഉൾപ്പെടുത്തിയവരെ കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. തെറ്റായി ജപ്തി നടപടി നേരിട്ട, ഹർജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിൻറേതുൾപെടെ 18 പേർക്കെതിരെയുള്ള ജപ്തി നടപടികൾ അടിയന്തിരമായി പിൻവലിക്കാനാണ് ഹൈക്കോടതി ഉത്തരവ്. പിഎഫ്ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പിഎഫ്ഐ ആശയങ്ങൾ എതിർക്കുന്ന ആളാണ് താനെന്നും കാണിച്ചാണ് ടി.പി യൂസഫ് കോടതിയിൽ ഹർജി നൽകിയത്. ഇത് കൂടി പരിഗണിച്ചാണ് കോടതിയുത്തരവ്.
സംസ്ഥാനത്ത് ആകെ 248 പിഎഫ്ഐ പ്രവർത്തകരുടെ സ്വത്തുവകകളാണ് ഹർത്താലാക്രമണ കേസുകളുമായി ബന്ധപ്പെട്ട് ജപ്തി ചെയ്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളിൽ നിന്നും പൊതുമുതൽ നശിപ്പിച്ച വകയിൽ 5.2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കണമെന്ന സെപ്റ്റംബർ 29 ലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ഇതിലാണ് ചില തെറ്റുകൾ സംഭവിക്കുകയും പിഎഫ്ഐ ബന്ധമില്ലാത്തവരുടെ സ്വത്ത് ജപ്തിചെയ്യുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തത്.